ഇടതുപക്ഷം കോണ്‍ഗ്രസുമായി കൈകോര്‍ക്കണം എന്ന വാദം കുറച്ചു നാളായി ഉയര്‍ന്ന് കേള്‍ക്കുന്ന ഒന്നാണല്ലോ. കോണ്‍ഗ്രസ് പൂര്‍ണ്ണമായും ഒരു വലതുപക്ഷ പാര്‍ട്ടിയാണ്. വര്‍ഗ്ഗീയതയെ നേരിടാനെന്ന വാദം ഉയര്‍ത്തി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ മതേതര നിലപാടിന്‍റെ ലേബലുള്ള സകല പാര്‍ട്ടികളെയും യോജിപ്പിച്ച് ഇടതുപക്ഷത്തിന്‍റെ പിന്തുണയോടെ അധികാരത്തിലേക്ക് കയറിപറ്റാം എന്ന് കണക്ക് കൂട്ടുന്നവരുടെ മോഹങ്ങള്‍ക്ക് ഇടതുപക്ഷം നിന്ന് കൊടുക്കണമോ എന്നതാണ് പ്രധാന ചോദ്യം. കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നാല്‍ ഇടത്പക്ഷ ചിന്താഗതിക്ക് പിന്നെ എന്ത് പ്രസക്തിയാണ് ഉള്ളത് എന്ന് ചിന്തിക്കുന്നവരും കുറവല്ല.
ഭരണം കയ്യില്‍കിട്ടിയാല്‍ അഴിമതി നടത്തി എങ്ങനെയൊക്കെ തടിച്ച് കൊഴുക്കാം എന്ന് ഗവേഷണം നടത്തിയതിന്‍റെ ഫലമാണ് മതേതര പാര്‍ട്ടികള്‍ എന്ന് അഭിമാനം കൊള്ളുന്നവര്‍ ഇന്ന് അനുഭവിക്കുന്നത്. മതേതരത്വം പ്രസംഗിച്ചത് കൊണ്ടോ വര്‍ഗ്ഗീയത ആളിക്കത്തിച്ചത് കൊണ്ടോ സാധാരണക്കാരന്‍റെ ജീവിതത്തിന് വലിയ മാറ്റമൊന്നും ഉണ്ടാക്കാന്‍ കഴിയില്ലെന്നത് അവര്‍ അനുഭവത്തിലൂടെ പഠിക്കുന്നുണ്ട്. പെട്ടെന്ന് ഉണ്ടാക്കിയെടുക്കുന്ന ഇത്തരം വൈകാരിക വിഷയങ്ങള്‍ക്ക് പിന്നില്‍ ജനം അണിനിരന്നേക്കാം. എന്നാല്‍ ഒരിക്കല്‍ കത്തിയമര്‍ന്ന തീ വീണ്ടും കത്തിച്ചെടുക്കാന്‍ ഒരുപാട് ഊര്‍ജ്ജം വേണ്ടിവരും എന്നതുകൊണ്ട് തന്നെ ഒരേ വൈകാരികതക്ക് പിറകേ ജനം എല്ലാ കാലത്തും അണിനിരക്കണമെന്നില്ല. അതായത് വരാനിരിക്കുന്നത് മതേതരം എന്ന വൈകാരികതയുടെ നാളുകളായിരിക്കും.
അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങളെ അവരവരുടെ കേന്ദ്രങ്ങളിള്‍ ഫലപ്രദമായി ഉപയോഗിച്ച് കൊണ്ടാവണം ഓരോ പാര്‍ട്ടിയും അവരുടെ ശക്തിയാര്‍ജിക്കേണ്ടത്. മറിച്ച് ഐക്യമത്യം മഹാബലം തരും എന്ന സ്വപ്നവുമായി ഗോദയിലിറങ്ങി ചുളുവില്‍ ജയിച്ച് കയറാമെന്ന് വ്യാമോഹിക്കുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ്. മെയ്യനങ്ങാതെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാമെന്ന് കരുതുന്നവര്‍ക്ക് യാതൊരു പ്രോത്സാഹനവും നല്‍കുന്നതാവരുത് ഇടതുപക്ഷ നിലപാട്. വലതുപക്ഷ രാഷ്ട്രീയങ്ങളെ കൂട്ടിച്ചേര്‍ത്ത കയറിന്‍റെ ഒരറ്റത്ത് കെട്ടാനുള്ളതല്ല ഇടതുപക്ഷ ആശയം. എന്നാല്‍ നിര്‍ണ്ണായകഘട്ടങ്ങളില്‍ ഇടതുപക്ഷമായി വേറിട്ടു നിന്നുകൊണ്ട് സ്വീകരിച്ച ചരിത്രം പിന്തുടുരുന്നതാണ് നല്ലത്.
ഭിന്നിച്ച് പോകുന്ന ഐക്യത്തെ കുറിച്ച് വേവലാതിക്ക് ഇവിടെ പ്രസക്തിയില്ല. ഇടതുപക്ഷത്തിന്‍റെ അസ്ഥിത്വം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിനേക്കാള്‍ നല്ലത് തോല്‍വിയാണ്.
വലതുപക്ഷ കക്ഷികളുടെ പൊതു സ്വഭാവരീതികളെ വിലയിരുത്തി നോക്കാം. ചില പാര്‍ട്ടികള്‍ക്ക് അറിയപ്പെടുന്ന നേതാക്കന്‍മാരുണ്ടാകും എന്നാല്‍ അണികള്‍ തീരെകുറവായിരിക്കും ( ഇടതുപക്ഷമെന്ന് പറയപ്പെടുന്ന വലതുപക്ഷ വ്യതിയാനമുള്ള ചില ആളില്ലാ പാര്‍ട്ടികളെയും ഈ ഗണത്തില്‍ പെടുത്താം ). മറ്റുചിലര്‍ക്ക് നല്ല ജനകീയ അടിത്തറ കാണും. എന്നാല്‍ അത് രാഷ്ട്രീയമായി സംഘടിപ്പിക്കാനുള്ള മികവ് കാണിക്കില്ല. ഭരണമുള്ളപ്പോള്‍ സജീവമാകുന്നവര്‍ ഭരണം പോയാല്‍ മാളത്തിലൊളിക്കും. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പൊടിതട്ടിവരുന്നവര്‍ പണക്കൊഴുപ്പും വിവാദങ്ങളുമായി രംഗത്തിറങ്ങും. എന്നാല്‍ എല്ലാ കാലത്തും എല്ലാ സ്ഥലത്തും ഇത് വിജയിക്കില്ലെന്ന് ഇത്തരം പാര്‍ട്ടികള്‍ ഓര്‍ത്താല്‍ നന്ന്. കാരണം പണക്കൊഴുപ്പും വൈകാരികതയുമായി വരുന്ന സമാന വലതുപക്ഷ ചിന്താഗതിക്കാരെ നേരിടണമെങ്കില്‍ ജനകീയ അടിത്തറയും സംഘടനാശേഷിയും അനിവാര്യമാണ്. അതുകൊണ്ട് തന്നെ പൂര്‍ണ്ണമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരായ വ്യത്യസ്ഥ സ്വഭാവ സവിശേഷതയുള്ള പാര്‍ട്ടികള്‍ ഒരു നയത്തിന്‍റെ അടിസഥാനത്തില്‍ യോജിച്ചാല്‍ അവരവരുടെ ദുര്‍ബലതകളെ മറികടക്കാനും മുന്നേറ്റം നടത്താനും കഴിയും.
വലതുപക്ഷത്തിന്‍റെ അനീതികള്‍ക്കെതിരെ, മനുഷ്വത്വം ഇല്ലായ്മകള്‍ക്കെതിരെ, പ്രകൃതിക്ക് മേലുള്ള കടന്നു കയറ്റങ്ങള്‍ക്കെതിരെ ഒരു തിരുത്തല്‍ ശക്തിയായി നിലകൊള്ളുക എന്നതാണ് ഇടതുപക്ഷ ധര്‍മ്മം. ആ ധര്‍മ്മം നിറവേറ്റാന്‍ എക്കാലത്തും യഥാര്‍ത്ഥ ഇടതുപക്ഷം ഇടതുപക്ഷമായി അല്‍പം അകന്ന് നിന്ന് വേറിട്ട സമീപനം സീകരിക്കുന്നത് തന്നെയാണ് നല്ലത്.

No comments:
Post a Comment