നഷ്ട കണക്കുകള്‍ മാത്രം പറയാറുള്ള KSRTC യില്‍ രക്ഷക പരിവേഷത്തില്‍ പലപ്പോഴായി ചില സര്‍ക്കാര്‍ / മന്ത്രിമാര്‍ / MD മാര്‍ വരികയും നന്നായി പോകുമെന്ന പ്രതീക്ഷ തരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ രക്ഷകരായി അവതരിച്ചവര്‍ അവരുടെ ദൗത്യം പൂര്‍ത്തീകരിക്കാതെ സ്ഥാപനത്തെ എങ്ങുമെത്തിക്കാന്‍ കഴിയാതെ വിധിയുടെ കൈകളില്‍ ഏല്‍പിച്ച് പിന്നണിയിലേക്ക് പിന്‍വലിഞ്ഞതാണ് സത്യം. അസാധ്യമായത് ഒന്നുമില്ലെന്ന തത്വത്തില്‍ വിശ്വസിക്കുന്ന ഏതാനും ചിലരെങ്കിലും KSRTC യില്‍ ഇന്നും ഉണ്ടാവും. ഒരുകാലത്ത് സകല പ്രൗഢികളുമുള്ള ഒരു സ്ഥാപനത്തിലെ ജീവനക്കാരായി തങ്ങള്‍ മാറുമെന്ന ശുഭാപ്തി വിശ്വാസമുള്ള എന്‍റെ സുഹൃത്തുക്കള്‍ അടക്കമുള്ളവരുടെ മനസിനൊപ്പം നിന്ന് വാടക ബസ് എന്ന ആശയത്തെ എന്‍റെ യുക്തി വെച്ച് വിലയിരുത്തുന്നു.
KSRTC യെ രക്ഷപ്പെടുത്തണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് 'നാഥനില്ലാ കളരി' എന്നരീതിയില്‍ കുത്തഴിഞ്ഞ് കിടക്കുന്ന സ്ഥാപനത്തെ പുനഃസംഘടിപ്പിക്കുകയാണ്. അഭിപ്രായ വ്യത്യാസങ്ങളും തിരുത്തപ്പെടേണ്ടതുമായ ചില കാര്യങ്ങള്‍ പുനഃസംഘടനയുടെ ഭാഗമായി ഉണ്ടാവാമെങ്കിലും മാറ്റങ്ങള്‍ അടിമുടി അത്യന്താപേക്ഷിതമാണ്.
KSRTC ക്ക് സ്വന്തമായി അയ്യായിരത്തില്‍ പരം ബസുകള്‍ മാത്രമാണുള്ളത്. എഴുപത്തി അഞ്ച് ശതമാനത്തോളം സ്വകാര്യ ബസുകള്‍ ഉള്ള ഒരു മേഖലയിലേക്ക് കൂടുതലായി കടന്നു കയറി ആധിപത്യം സ്ഥാപിച്ചാല്‍ മാത്രമേ സ്ഥാപനത്തിന് ഉയര്‍ച്ചയുടെ പടവുകള്‍ കയറാന്‍ കഴിയൂ എന്നത് ഭരണ - മാനേജ്മെന്‍റ് തലത്തില്‍ നിന്നും ട്രേഡ് യൂണിയനില്‍ നിന്നും വര്‍ഷങ്ങളോളം കേട്ടുപോന്നതാണ്. എന്നാല്‍ വലിയ തോതിലുള്ള ഒരു വളര്‍ച്ച നേടാന്‍ സ്ഥാപത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. KSRTC ക്ക് അവകാശപ്പെട്ടതായിട്ട് പോലും സ്വകാര്യ ബസുകള്‍ കൈയ്യടക്കി വെച്ച ദേശസാല്‍കൃത റൂട്ടുകളില്‍ പുതിയ ബസ്സുകളുമായി കടന്ന് ചെന്നപ്പോഴൊക്കെ പലവിധത്തില്‍ KSRTC യെ തകര്‍ക്കുന്നതിന് സ്വകാര്യ ബസ് ലോബിക്ക് കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് - കണ്ണൂര്‍ ചെയിന്‍ സര്‍വ്വീസുകള്‍ തകര്‍ത്തത് പോലത്തെ നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നില്‍ കാണും. ഇവിടേക്ക് വാടക വണ്ടിയുമായി KSRTC ക്ക് കടന്നു കയറാന്‍ കഴിയുമോ എന്നതാണ് പ്രസക്തമായ ഒരു ചോദ്യം. ഇത്തരം ഒരു രീതിയിലേക്ക് ഒരു സര്‍ക്കാര്‍ സ്ഥാപനത്തെ കൊണ്ടുപോയാല്‍ അതില്‍ സ്വകാര്യ വല്‍ക്കരണത്തിന്‍റെ ലാഞ്ചനയില്ലേ എന്ന് സംശയിക്കുന്നവരെയും കുറ്റം പറയാന്‍ പറ്റില്ല.
KSRTC ക്ക് സ്വന്തമായി ആയിരക്കണക്കിന് ബസുകള്‍ ഒന്നിച്ച് ഇറക്കിയുള്ള ഒരു പരീക്ഷണം അസാധ്യമാണ്. എന്നിരിക്കേ ആയിരക്കണക്കിന് സ്വകാര്യ ബസുകള്‍ വാടകക്കെടുത്താണെങ്കിലും ഒരു വന്‍ കടന്നു കയറ്റം സാധ്യമാക്കാന്‍ ധൈര്യം കാണിക്കുന്ന ഒരു അധികാര കേന്ദ്രം മുന്നോട്ട് വന്നാല്‍ അവരെ ഏതിര്‍ക്കുന്നതില്‍ യുക്തിയുണ്ടെന്ന് തോന്നുന്നില്ല. കാരണം KSRTC യെ ശരിയായ രീതിയില്‍ രക്ഷിക്കാന്‍ ചില അതി സാഹസിക തീരുമാനങ്ങള്‍ നടപ്പിലാക്കുക തന്നെ വേണം.
അത്തരത്തില്‍ ഒരു അസാമാന്യ തീരുമാനം എന്ന നിലയില്‍ വാടകക്ക് വണ്ടിയെടുത്തുകൊണ്ട് ദേശസാല്‍കൃത റൂട്ടുകള്‍ ഒന്നൊന്നായി KSRTC യുടെ കൈപിടിയിലേക്ക് കൊണ്ടുവരാനുള്ള ഒരു പരീക്ഷണം എന്തുകൊണ്ട് നടത്തി നോക്കിക്കൂടാ. ഇത്തരം ഒരു നീക്കം നടത്തുമ്പോള്‍ KSRTC ക്ക് ആവശ്യത്തിന് ബസുകള്‍ ഇല്ലാത്തതിന്‍റെ പേരില്‍ സ്വകാര്യ മേഖല കയ്യടക്കിയ ഏതെങ്കിലും ഒരു റൂട്ട് ഏറ്റെടുത്ത് അവിടെ KSRTC ( വാടക വണ്ടി ) ഓടിച്ച് പരീക്ഷണം നടത്തുകയും അത് വിജയിപ്പിച്ച് കാണിക്കുകയും ചെയ്യാന്‍ ഒരു അവസരം കൊടുത്തു നോക്കിക്കൂടെ. പരീക്ഷണം പൂര്‍ണ്ണ വിജയമാണെന്ന് ബോധ്യപ്പെട്ടാല്‍ മറ്റ് സ്ഥലങ്ങളിലേക്ക് കൂടെ വ്യാപിപ്പിക്കുകയും ചെയ്യാമല്ലോ. ഇങ്ങനെ ഒരു കൈവിട്ട കളി കളിക്കുമ്പോള്‍ പരാജയപ്പെടാനുള്ള ചെറിയ സാധ്യത പോലും തള്ളിക്കളയാന്‍ പറ്റില്ല എന്നത് കൊണ്ട് തന്നെയാണ് ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി നോക്കിക്കൂടെ എന്ന് ചോദിക്കുന്നത്.
ഇത്തരത്തില്‍ ഒരു പരിഷ്കാരം നടക്കുമ്പോള്‍ സ്വകാര്യ ബസ് വ്യവസായം നടത്തുന്നവര്‍ക്കും അതിലെ ജീവനക്കാര്‍ക്കും പരമാവധി പരിഗണന ലഭിക്കും വിധം അവരുടെ ബസുകളും ജീവനക്കാരെയും KSRTC ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുകയും ചെയ്യും. പൊതുമേഖല ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമാണെങ്കിലും സ്വകാര്യ മേഖലയെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് വലിയ പ്രയാസമില്ലാതെ ഈ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ അവസരവും സമയവും കൊടുക്കേണ്ടി വരുന്ന സാമൂഹിക വശവും പരിഗണിക്കേണ്ടതുണ്ട്. KSRTC മാത്രമല്ല സ്വകാര്യ ബസ് വ്യവസായവും ഇന്ന് വന്‍ പ്രതിസന്ധി നേരിടുന്നുണ്ട്. മാത്രവുമല്ല പുതിയ RTC നിയമങ്ങള്‍ വരുന്നതോടെ ഒന്നും രണ്ടും ബസുകള്‍ ഉള്ളവര്‍ക്ക് ബസ് വ്യവസായ മേഖലയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട്തന്നെ KSRTC ക്ക് മാത്രമായിരിക്കില്ല ഇത്തരം ഒരു മാറ്റമുണ്ടായാല്‍ ഗുണകരമാകുന്നത്. ഒരു പരിധിവരെ സ്വകാര്യ മേഖലക്ക് കൂടെയാകും.
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ KSRTC മാത്രം സര്‍വ്വീസ് നടത്തുന്ന രീതിയിലേക്ക് ആദ്യം കര്യങ്ങളെ കൊണ്ടെത്തിക്കുകയാണ് വേണ്ടത്. പിന്നീട് ഘട്ടം ഘട്ടമായി KSRTCയുടെ സ്വന്തം ബസുകള്‍ കൂടുതലായി ഇറക്കി നൂറ് ശതമാനം പൊതുമേഖല എന്നതിലേക്ക് എത്തിക്കാനും കഴിയണം. ഇവിടെ സര്‍ക്കാര്‍ മേഖലയോ സ്വകര്യമേഖലയോ ഏതാണ് വേണ്ടതെന്ന ചോദ്യത്തിന് അയല്‍ സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും നമുക്ക് മുന്നില്‍ മാതൃകയായിട്ടുണ്ട്. കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ടും പൊതുമേഖല തന്നെയാണ് നല്ലത്. ഒറ്റപ്പെട്ട അപവാദങ്ങള്‍ നിരാകരിക്കുന്നില്ല.
സ്വകാര്യ ബസുകള്‍ കൂടെ കൂട്ടിക്കലര്‍ത്തിയാല്‍ സ്വകാര്യവല്‍കരണം ആയിപ്പോകുമെന്ന് ഭയക്കുന്നവരുണ്ട്. എന്നാല്‍ എഴുപത്തി അഞ്ച് ശതമാനത്തില്‍ കൂടുതല്‍ നിലവില്‍ സ്വകാര്യ മേഖല കയ്യടക്കി വെച്ച കേരളത്തിലെ റോഡ് ട്രാന്‍സ്പോര്‍ട്ട് മേഖലയിലേക്ക് KSRTC കടന്നു കയറുമ്പോള്‍ അത് പൊതമേഖലയായ KSRTC യെ ശക്തിപ്പെടുത്തുകയല്ലേ ചെയ്യുക. സ്വകാര്യ വല്‍കരണ നയങ്ങളെ അനുകൂലിക്കാത്ത ഒരു ഭരണ സംവിധാനം ഉള്ളപ്പോള്‍ അല്ലാതെ ആത്മ രക്ഷാര്‍ത്ഥം ചെയ്യാവുന്ന ഇത്തരം ഒരു പരീക്ഷണത്തിന് പിന്നെ എപ്പോഴാണ് നല്ല സമയം. (ഇത്തരം ഒരു നീക്കം നടക്കുമ്പോള്‍ പൊതുമേഖലാ സ്ഥാപനം എന്ന നിലയില്‍ KSRTC ക്ക് നേരിടേണ്ടി വരാവുന്ന ഒളിഞ്ഞിരിക്കുന്ന അപകങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരുടെ ആശങ്കകള്‍ മാനിക്കുന്നു ).
വെന്‍റിലേറ്ററില്‍ കിടക്കുന്ന രോഗിയെ പറ്റി ഡോക്ടര്‍ പറയുന്നു; 'എന്തെങ്കിലും അടിയന്തിരമായി ചെയ്തേ പറ്റൂ ' നിങ്ങള്‍-ബന്ധുക്കള്‍ എന്തുപറയണം. തര്‍ക്കിച്ച് സമയം കളയരുത്. ഉചിതമായ തീരുമാനമാണ് ഉടനടി വേണ്ടത്.
