കെ എസ് അര്‍ ടി സി യില്‍ നടക്കുന്നത്....
( 2018 ഡിസംബറില്‍ എഴുതിയത് )
പത്ത് വര്‍ഷവും അതില്‍ കൂടുതലും കാലം കെ എസ് ആര്‍ ടി സി എന്ന പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി ചെയ്തു വന്നിരുന്ന നാലായിരത്തിനടുത്തോളം ജീവനക്കാര്‍ ഒരു സുപ്രഭാതത്തില്‍ ജോലി നഷ്ടപ്പെട്ട് വഴിയാധാരമാക്കപ്പെടുന്ന അവസ്ഥയിലാണ് ഇന്ന്. ഒപ്പം രണ്ട് വര്‍ഷമായി നിയമന നിര്‍ദ്ദേശ ഉത്തരവ് ലഭിച്ച് ജോലി ഇന്ന് ലഭിക്കും നാളെ ലഭിക്കും എന്ന പ്രതീക്ഷ കൈവിട്ട് നിരാശരായി പോയ അത്രത്തോളം പേര്‍ക്ക് പുതു ജീവന്‍ ലഭിക്കുന്ന സാഹചര്യവും. ആദ്യ വിഭാഗം അനുഭവിക്കുന്ന മാനസികാവസ്ഥയുടെ നേരെ വിപരീത മാനസികാവസ്ഥയിലാണ് രണ്ടാം വിഭാഗം. ആരോടൊപ്പം നില്‍ക്കണമെന്ന് ചോദിച്ചാല്‍ രണ്ട് വിഭാഗത്തോടൊപ്പവും നില്‍ക്കേണ്ടി വരുന്ന സാഹചര്യം.
ഇതില്‍ ആദ്യം പറയേണ്ടി വരുന്ന വിഭാഗം പി എസ് സി അഡൈസ് ചെയ്ത വിഭാഗം തന്നെയാണ്. അവര്‍ എന്ത് പിഴച്ചിട്ടാണ് തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട തൊഴില്‍ നാളുകളായി നിഷേധിക്കപ്പെട്ടതെന്നതിന് ഒരു ന്യായീകരണവുമില്ല. ഒഴിവുകള്‍ ഉണ്ടായത് കൊണ്ടാണല്ലോ പി എസ് സി ക്ക് റിപ്പോര്‍ട്ട് ചെയ്തതും പരീക്ഷയും മറ്റ് നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ദീകരിച്ചതും. റാങ്ക് ലിസ്റ്റ് വന്നതിന് ശേഷം റിപ്പോര്‍ട്ട് ചെയ്ത അത്രത്തോളം പേരെ നിയമിക്കാന്‍ കഴിയില്ലെന്ന വിചിത്ര വാദത്തിന്‍റെ ഭാഗമായിട്ടാണ് രണ്ട് വര്‍ഷത്തോളമായിട്ടും അഡ്വൈസ് ചെയ്തവര്‍ക്ക് നിയമനം നല്‍കാതെ വന്നതും അവര്‍ക്ക് കോടതി കയറേണ്ട ദുര്‍ഗതിയുണ്ടായതും . ഒരു വേള കോടതി പോലും കൈവിട്ടവരെ സംബന്ധിച്ച് അവസാനം ഉണ്ടായ അനുകൂലമായ വിധി ആശ്വാസകരം ആണ്.
താല്‍ക്കാലിക ജീവനക്കാരന്‍റെ കാര്യം രണ്ടാമതായി പറയേണ്ടി വരുന്നത് അവര്‍ക്ക് മാനുഷികമായ പരിഗണനക്കപ്പുറം നിയമപരമായ തൊഴില്‍ സുരക്ഷിത്വം ഇല്ലെന്നതു കൊണ്ടാണ്. മുതലാളിത്ത സമൂഹത്തിലെ തൊഴിലാളി. Hire and fire എന്നതാണ് മുതളിത്വം അവരെ കൈകാര്യം ചെയ്യുന്ന രീതി. തങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഒരു തൊഴില്‍ സുരക്ഷിതത്വ വുമില്ലാതെ തുച്ഛവേതനത്തിന് നിയമിക്കുകയും ആവശ്യം കഴിഞ്ഞാലോ തൊഴിലാളിക്ക് വയ്യാതായാലോ നിഷ്കരുണം പറഞ്ഞയക്കുകയും ചെയ്യുന്ന മനുഷ്യത്വ രഹിതമായ സംവിധാനം. എന്നാല്‍ സ്ഥിരം തൊഴില്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ ഇത്തരം ഒരു സംവിധാനം നിലനിന്നു പോന്നതിന് പിന്നില്‍ സ്ഥാപനം നേരിട്ടതും നേരിട്ടു കൊണ്ടിരിക്കുന്നതുമായ സാമ്പത്തിക പ്രതിസന്ധി കൂടെ ഉണ്ടെന്നതാണ് വസ്തുത.
വളരെ തുച്ഛമായ കൂലിക്ക് കെ എസ് ആര്‍ ടി യിലേക്ക് താല്‍കാലിക്കാരെ ജോലിക്കെടുക്കുമ്പോള്‍ അവന്‍ കുറച്ച് കാലം ജോലി ചെയ്താല്‍ സ്ഥിരപ്പെടാനുള്ള സാധ്യത മനസില്‍ കാണുകയാണ്. പുതിയ ആളുകളെ ആറ് മാസം കഴിയുമ്പോള്‍ മാറ്റി നിയമിക്കണമെന്ന നിബന്ധനകളും മറ്റും പരിചയ സമ്പന്നരെ ആവശ്യമുള്ളതിന്‍റെ പേരില്‍ മറികടന്നാണ് പത്തും അതില്‍ കൂടുതലും വര്‍ഷങ്ങള്‍ ഇ സംവിധാനം നില നിന്നു പോന്നത്. ഇത്തരത്തില്‍ തങ്ങളുടെ നല്ല കാലം സ്ഥാപനത്തിന് നല്‍കി ഇനി മറ്റൊരു ജോലിയിലേക്ക് പോകാന്‍ പറ്റാത്ത സാഹചര്യത്തില്‍ എത്തുന്നവര്‍ മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍ ആകുന്നത് സ്വാഭാവികം മാത്രം. ഇത്തരക്കാരോട് കാലാ കാലങ്ങളില്‍ ട്രേഡ് യൂണിയനുകളും രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാറുകളും തീര്‍ത്തും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടിയുടെ ഭാഗമായി നിരവധി പേര്‍ സ്ഥിരം ജീവക്കാരായി മാറിയത് ചരിത്രം.
അതുകൊണ്ട് തന്നെ വെറും കറിവേപ്പില പോലെ എടുത്ത് എറിയപ്പെടേണ്ടവരല്ല ഇന്ന് സ്ഥാപനത്തില്‍ നിന്നും പുറത്തേക്ക് പോകുന്നവര്‍. അവരെക്കൂടി വരും കാലങ്ങളിൽ തൊഴിൽ മേഖലയിൽ പുനരധിവസിപ്പിക്കേണ്ടതു ണ്ട്. നിയമത്തിന് പോലും അംഗീകരിക്കാന്‍ കഴിയുന്നതാണ് മാനുഷിക പരിഗണന. സ്ഥാപനത്തിന്‍റെ വികസനത്തിന്‍റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട തീരുമാനങ്ങള്‍ നടപ്പിലാക്കിയും വരാനുള്ള ഒഴുവുകളിലേക്ക് പരിഗണിച്ചും ജീവിതോപധി നഷ്ടപ്പെട്ട ഒരു പറ്റം കഷ്ടപ്പാടില്‍ ജീവിക്കുന്നവരുടെ തൊഴില്‍ അവര്‍ക്ക് തിരിച്ച് കൊടുക്കാന്‍ കഴിയേണ്ടതുണ്ട്.
ഒപ്പം കോടതി വിധിയുടെ പേരില്‍ പിരിച്ചു വിടപ്പെടേണ്ടി വന്ന ജീവനക്കാരെ പൂര്‍ണ്ണമായി കൈവിടാതെ അവരോടൊപ്പം നില്‍ക്കാനും അവര്‍ക്ക് ജീവനോപാധി തിരിച്ച് കിട്ടാനുള്ള എല്ലാവിധ പിന്തുണയും നല്‍കാനും പൊതു സമൂഹത്തിന് കൂടെ ബാധ്യതയുണ്ട്.
*********
*********
