മാതൃ രാജ്യത്തോടുള്ള സ്നേഹം ഏതൊരു രാജ്യസ്നേഹിയിലും വൈകാരികത സൃഷ്ടിക്കുന്നു എന്നത് ശരിയാണ്. മറ്റൊരു രാജ്യം നമ്മുടെ ആത്മാഭിമാനം ചോദ്യം ചെയ്താല്‍ കയ്യും കെട്ടി നോക്കിയിരിക്കാന്‍ രാജ്യത്തിനോ രാജ്യ സ്നേഹികള്‍ക്കോ കഴിയില്ല. അതൊരു യുദ്ധത്തിലേക്ക് നയിക്കുന്നുവെങ്കില്‍ അത് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ കൂടെ മുന്കൂട്ടികാണാന് കൂടെ കഴിയണം. ഉയിരിനു മേലെയാണ് അഭിമാനമെന്നതൊക്കെ പറയാന്‍ ഇമ്പമുണ്ടാവുമെങ്കിലും അനുഭവത്തില്‍ അത്ര സുഖകരമായിരിക്കില്ല.
യുദ്ധോത്സുകത ഒരു വികാരമാണ്. ഒരു ക്രിക്കറ്റ് മത്സരത്തിന്റെ ലാഘവത്തോടെ യുദ്ധത്തെ സമീപിക്കുന്നത് ശരിയല്ല. യുദ്ധമെന്നത് പരിഷ്കൃത സമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല. സമാധാനത്തോടെ ജീവിക്കുന്ന ഒരു സമൂഹം യുദ്ധ ഭീതിയിലേക്കും കെടുതികളിലേക്കും എടുത്തു ചാടുമെന്ന് വിശ്വക്കുന്നില്ല.
യുദ്ധത്തിന്റെ കാര്യത്തില്‍ ക്ഷമയുടെ നെല്ലിപ്പടിയോളം പോയിട്ടാണെങ്കിലും അത് ഒഴിവാക്കാന്‍ കഴിയുമെങ്കില്‍ അതുതന്നെയാണ് നല്ലത്. തുടങ്ങിയാല്‍ തുടങ്ങിയപോലെ അവസാനിപ്പിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ജയ പരാജയങ്ങള്‍ വെറും സാങ്കേതികം മാത്രമാകും. ശരിക്കും ഒരു യുദ്ധം കൊണ്ട് പരാജയം ഉണ്ടാവുന്നത് ജീവന് ബലിയര്‍പ്പിക്കപ്പെടുന്ന ജവാന്മാരുടെ യും നിരപരാധികളുടെയും കുടുംബത്തിനാണ്, ദുരിതം പേറേണ്ടിവരുന്ന ജനതക്കാണ്.
യുദ്ധത്തെ വൈകാരികമായെടുക്കാതിരിക്കാന് ബന്ധപ്പെട്ടവര്‍ക്ക് കഴിയുമെന്ന് ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യാനേ ഈ അവസരത്തില്‍ നമുക്ക് കഴിയൂ.