എന്തൊക്കെയാണ് പുരുഷ മേധാവിത്വം കൊണ്ട് സ്ത്രീ നേരിടുന്ന പ്രശ്നങ്ങള്‍, അതിനുള്ള ചരിത്രപരവും പ്രകൃത്യാലുള്ളതും അല്ലത്തതുമായ കാരണങ്ങള്‍ എന്തെല്ലാമാണ്, ഈ പ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യാനും പരിഹാരം കാണാനും ഹൃസ്വകാല - ദീര്‍ഘകാല അടിസ്ഥാനത്തില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും, എന്തൊക്കെ ചെയ്യാന്‍ കഴിയാത്തതായിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളില്‍ ആദ്യം ചില വ്യക്തത വരുത്തേണ്ടതുണ്ട്. അതിന് സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന ഒരു വിദഗ്ദ സംഘത്തെ കൊണ്ട് പരിശോധിപ്പിച്ച് ഒരു ധാരണയിലെത്തുകയും അത് മുഴുവന്‍ സ്ത്രീകളിലും പുരുഷന്‍മാരിലും എത്തിക്കുകയും വേണം. ഒപ്പം തന്നെ പുതു തലമുറയെ പുരുഷ മേധാവിത്വം എന്ന ഒരു അപവാദമില്ലാതെ വളര്‍ത്തിയെടുക്കാന്‍ ആവശ്യമായത് പ്രാധമിക വിദ്യഭ്യാസ തലം മുതല്‍ തന്നെ സ്വീകരിക്കുകയും വേണം. അപ്പോള്‍ മാത്രമാണ് സ്ത്രീ എന്ന നിലയില്‍ അനുഭവിക്കേണ്ടി വരുന്ന അന്യയമായ വിവേചനങ്ങള്‍ക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാക്കാന്‍ കഴിയൂ.
എന്നാല്‍ മേല്‍പറഞ്ഞ പ്രകാരം എളുപത്തില്‍ ഒരു പരിഹാരം ഉണ്ടാക്കാന്‍ മാത്രം ഏകശിലാ രൂപത്തിലുള്ള സമൂഹമല്ല നമ്മുടേതെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നില്ല. വിവിധ മതങ്ങളും അവയുടെ അവാന്തര വിഭാഗങ്ങളും ജാതികളും യാഥാസ്ഥിതിക ഗ്രൂപ്പുകളും ശക്തമായി സ്വാധീനം ചെലുത്തുന്ന ഒരു സമൂഹമാണ് നമ്മുടേത്. പ്രൈമറി സ്കൂളില്‍ പഠിക്കുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നിച്ചിരുന്നാല്‍ സദാചാരം ലംഘിക്കപ്പെട്ട് പോകുമെന്ന് ഭയപ്പെടുന്ന സമൂഹം - കൊച്ചു പെണ്‍കുട്ടികള്‍ പോലും കലാ പരിപാടികള്‍ സ്റ്റേജില്‍ കയറി അവതരിപ്പിച്ചാല്‍ അത് വലിയ തെറ്റാണെന്ന് വിധികല്‍പിക്കുന്ന ചെറിയ മനസുള്ളവരുടെ സമൂഹം - മഹത് വചനങ്ങളെ വ്യഖ്യാനിച്ച് വ്യാഖ്യനിച്ച് സ്ത്രീ ശരീരത്തെയും സൗന്ദര്യത്തേയും കുറിച്ച് വല്ലാതെ കണ്ട് ഉല്‍കണ്ഡപ്പെടുന്ന സമൂഹം - ഗേള്‍സ്, ബോഴ്സ് സ്കൂളുകളും വുമണ്‍സ്, മെന്‍സ് കോളേജുകളും സഥാപിച്ച് പരമാവധി സദാചാരം കെട്ടിപ്പടുക്കാമെന്ന് കരുതുന്ന സമൂഹം - യുവതികളെ ആരാധനാലയത്തില്‍ കയറ്റിയാല്‍ തകര്‍ന്ന് പോകുന്ന സദാചാരത്തെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്ന സമൂഹം - മത പൗരോഹിത്യങ്ങളില്‍ ആരും സ്ത്രീയെ അടുപ്പിക്കാന്‍ തയ്യാറല്ല എന്ന യാഥാര്‍ത്ഥ്യം. ഈ വ്യത്യസ്ത സമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ക്ക് ഇടയില്‍ സ്ത്രീകള്‍ പൊതുവായി നേരിടുന്ന ചില വിഷയങ്ങളിലെങ്കിലും ധാരണകള്‍ ഉണ്ടാക്കിയെടുക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ക്ക് സാധിച്ചേക്കും.
പുതു തലമുറയുടെ കാര്യത്തില്‍ കുറേ കൂടെ നല്ലതായ തീരുമാനങ്ങള്‍ കൈകൊള്ളാനാണ് കാര്യമായ ശ്രമം ഉണ്ടാകേണ്ടത്. സമൂഹത്തെ മാറ്റങ്ങളിലേക്ക് നഴിക്കേണ്ട പുതുതലമുറ പക്ഷെ കൂടുതല്‍ യാഥാസ്ഥിതികരായിട്ടാണ് വളര്‍ന്നതെന്ന സത്യം ഇവിടെ തുറിച്ചു നോക്കുന്നുണ്ട്. എന്നാല്‍ വരാനിരിക്കുന്ന തലമുറയെ എങ്കിലും യാഥാസ്ഥിതികതയുടെ മാത്രം ചട്ടക്കൂട്ടില്‍ അകപ്പെട്ടു പോകാതിരിക്കാന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയൊരു വിഭാഗം വരുന്ന സ്ത്രീ സമൂഹം വരും നാളുകളിലും ഇന്ന് നേരിടുന്ന അവസ്ഥ തുടരുക തന്നെ ചെയ്യും.
ഫെമിനിസ്റ്റുകളുടെ വാദം കേള്‍ക്കുമ്പോള്‍ തോന്നുന്നത് സ്ത്രീയും പുരുഷനും രണ്ട് എതിര്‍ ചേരിയില്‍ നിന്ന് പോരടിക്കുന്നവരായിട്ടാണ്. എന്നാല്‍ സമൂഹ വ്യവസ്ഥിതി സൃഷ്ടിച്ച അസമത്വങ്ങളുണ്ടെങ്കിലും സ്ത്രീക്കും പുരുഷനും ഇടയില്‍ സ്നേഹ ബന്ധങ്ങള്‍ ദൃഡവും സുശകതവുമാണ്. പുരുഷന്‍റെ സ്നേഹം മാതാവും, സഹോദരിയും, പുത്രിയും ഭാര്യയും, സ്നേഹിതയും ഒക്കെ ആയി സ്ത്രീയിലേക്കും തിരിച്ചും സ്നേഹം പ്രവഹിക്കുന്നത് കൊണ്ടാണ് മനുഷ്യന് ഇവിടെ സന്തോഷവും സമാധാനവും സാധ്യമാകുന്നത്.
എന്നാല്‍ സ്ത്രീയെ പുരുഷ മേധാവിത്വം എന്ന ദണ്ഡ് കൊണ്ട് പ്രകോപിപ്പിച്ച് പുരുഷന് എതിരെ തിരിച്ച് വിടാന്‍ നോക്കിയാല്‍ കുടുബ ബന്ധങ്ങള്‍ക്കിടയില്‍ മുറുമുറുപ്പും പൊട്ടിത്തെറിയും ഉണ്ടാക്കാനേ സാ സ്ത്രീയുടേതെന്നും പുരുഷന്‍റേതെന്നും വേര്‍തിരിവുകളില്ലെന്നും സ്ത്രീയും പുരുഷനും സമന്‍മാരാണെന്നും പറഞ്ഞാല്‍ ഒറ്റയടിക്ക് സമ്മതിച്ച് കൊടുക്കാന്‍ അവന് പാരമ്പര്യമായി കിട്ടിയ ഉപബോധ മനസും ആ മനസിന്‍റെ നിയന്ത്രണത്തിലുള്ള ബോധമനസും തയ്യാറാവില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കണം.
സ്ത്രീ - പുരുഷ സമത്വം എന്നോ പുരുഷ മേധാവിത്വം ഇല്ലാത്ത സമൂഹമെന്നോ പറയുമ്പോള്‍ ഉയരുന്ന ഏറ്റവും സാദാരണമായ ചില ചോദ്യങ്ങളുണ്ട്. സ്ത്രീയും പുരുഷനും പ്രകൃത്യാ തന്നെ സമന്‍മാരല്ലെന്ന കാര്യം. ശരീരികവും മാനസികവുമായ ശക്തി ദൗര്‍ബല്ല്യങ്ങളിലെ വ്യത്യാസങ്ങള്‍, കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ച് പ്രസവിക്കാനും വളര്‍ത്തിയെടുക്കാനും സ്ത്രീക്ക് മാത്രമുള്ള ശാരീരികവും ജനിതകവുമായ പ്രത്യേകതകള്‍. സ്ത്രീ ഇവിടെ വംശത്തിന്‍റെ നിലനില്‍പിനുള്ള ഉപകരണം മാത്രമാണെന്നും സമൂഹത്തിലെ മറ്റെല്ലാ മണ്ഡലങ്ങളും പുരുഷന് മാത്രം മേധാവിത്വം ഉള്ളതാണെന്നുമുള്ള ചരിത്രപരമായി പിന്തുടരുന്ന ധാരണകളില്‍ കാലത്തിന് അനുസരിച്ച മാറ്റം അനിവാര്യമാണ്. എന്നാല്‍ ആ മാറ്റങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ടത് ഒരുപറ്റം സ്ത്രീകള്‍ മാത്രമല്ല. പുരോഗമന ചിന്താഗതിയുള്ള സമൂഹം ഒന്നിച്ച് നടത്തേണ്ട വിപ്ലവമാണത്.
സ്ത്രീ തന്‍റെ അമ്മയാണ്, സഹോദരിയാണ്, മകളാണ്, ഭാര്യയാണ്, സ്നേഹിതയാണ് എന്നനിലയിലൊക്കെ സ്നേഹ - ബഹുമാനങ്ങള്‍ നല്‍കുന്ന പുരുഷന് അവന് ഏറ്റവും വേണ്ടപ്പെട്ടവര്‍ നേരിടുന്ന അന്യായമായ വിവേചനങ്ങളോട് മുഖം തിരിക്കാന്‍ കഴിയില്ല. എന്നാല്‍ ആഴത്തില്‍ ചിന്തിക്കാന്‍ ശ്രമിക്കാതെ പാരമ്പര്യമായി നടന്നു വരുന്ന ശീലങ്ങളും മതപരമായ ദുര്‍ വ്യഖ്യാനങ്ങളും അവനെ അന്ധനാക്കുന്നുവെങ്കില്‍ അവരെ കണ്ണുതുറപ്പിക്കാനുള്ള ഉത്തരവാദിത്വം പുരോഗമന ചിന്താഗതിക്കാര്‍ക്കാണ്.
എന്‍റെ ജീവിതത്തിലും ഈ പോസ്റ്റില്‍ പോലും പുരുഷ മേധാവിത്വത്തിന്‍റെ ശബ്ദങ്ങള്‍ കണ്ടേക്കാം ( പക്ഷെ ഹെഡിം ബോധപൂര്‍വ്വമാണ് ). കാണണം വളര്‍ന്നു വന്നതും ജീവിക്കുന്നതുമായ സാഹചര്യങ്ങളില്‍ നിന്ന് ഉള്‍ക്കൊള്ളുന്നവ പൂര്‍ണ്ണമായി മാറ്റാന്‍ കഴിയില്ലെന്നത് നഗ്ന യാഥാര്‍ഥ്യമാണ്. ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് കൊണ്ടുള്ള പരസ്പര ധാരണകള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്ക് എന്തൊക്കെ കാരണമായാലും അത് നല്ലതാണ്.

