Followers

Sunday, 10 December 2017

ഇടത് തോളിലെ കിതാബ് വായനക്കാര്‍

മത ഗ്രൂപ്പുകളുടെ പേരില്‍ നിരന്തരം സംവാദം നടത്താനും പോര്‍വിളികള്‍ നടത്താനും വേണ്ടി വിഭാഗീയ ചിന്താഗതിക്കൊപ്പം ആത്മീയതയുടെ അധിക ഡോസ് നിരന്തരം കുത്തിവെച്ച് സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റ് വില്‍പനക്കാരെന്ന ഭാവത്തില്‍ നടക്കുന്ന കുറച്ചു പേരുണ്ടിവിടെ. സ്വന്തം ഗ്രൂപ്പിന് മേല്‍കൈ സ്ഥാപിക്കാന്‍  ഏത് ഹീനമാര്‍ഗ്ഗവും സ്വീകരിച്ച് പരസ്പരം പോരടിക്കുന്ന ഇത്തരക്കാരുടെ അടിസ്ഥാന സ്വഭാവം പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്നത് നൂറ് ശതമാനം മതവിരുദ്ധത ആയിരിക്കും. അക്രമം, വ്യക്തി ഹത്യ, തെറിയഭിഷേകം, വ്യാജ പ്രചാരണം, അസഹിഷ്ണുത, അസൂയ, അഹങ്കാരം, പൊങ്ങച്ചം ആര്‍ഭാടം എന്നിത്യാദി മതം നിഷിധമായ എല്ലാ  മ്ലേച്ചത്തരങ്ങുമായിട്ടാണ് ഇവര്‍ നിറഞ്ഞാടുന്നത്. ഇവരില്‍ പലരും രാഷ്ട്രീയ നിലപാടിന്‍റെ പേരിലും മേല്‍ പറഞ്ഞ മത നിഷിധമായ കാര്യങ്ങള്‍ ചെയ്യുന്നവരുമാണ്. അപൂര്‍വ്വം സമയങ്ങളിലൊഴികെ സമാന സ്വഭാവക്കാരായ ഗ്രൂപ്പുകള്‍ക്ക് എതിരെ  പോരടിച്ച് ജീവിക്കുന്നത് കൊണ്ട് പൊതു സമൂഹം കണ്ണടക്കാറാണ് പതിവ്.

എന്നാല്‍ പടച്ചവന്‍റെ സ്വന്തം ആള്‍ക്കാരെന്ന മട്ടില്‍ ചിലപ്പോള്‍ വ്യക്തികളേയോ പൊതു സമൂഹത്തേയോ തന്നെ ഉദ്ദരിച്ച് കളയാം എന്ന് കരുതി ചാവേറുകളായി ഇറങ്ങാനും  ഒരു വശം ചേര്‍ന്ന അറിവ് ഇത്തരക്കാരെ പ്രേരിപ്പിക്കുന്നു. അറിവ് നേടാന്‍ വേണ്ടി ലോകത്തിന്‍റെ ഏത് കോണിലും പോകണമെന്ന് പറയുന്ന ആശയത്തിന്‍റെ വാക്താക്കളെന്ന് അവകാശപ്പെടുന്നവര്‍ പക്ഷെ സ്വന്തം പക്ഷത്തിന്‍റെ വാദമുഖങ്ങളെ സ്ഥാപിക്കാന്‍ ആവശ്യമായത് മാത്രമ സ്വീകരിക്കുന്നുള്ളൂ (അണികള്‍ക്ക് നല്‍കുന്നുള്ളൂ) .  പുറത്തേക്ക് കടന്ന് കൂടെ നിരീക്ഷിക്കാനോ പഠിക്കാനോ തയ്യാറല്ല. അങ്ങനെ ചെയ്യാന്‍ തയ്യാറാകുമ്പോഴാണ് വിശാലമായ മനുഷ്യ സ്നേഹത്തിന്‍റേയും സാഹോദര്യത്തിന്‍റേയും നല്ലപാഠങ്ങള്‍ തിരിച്ചറിയൂ.

ദൈവത്തിന് മുമ്പില്‍ എല്ലാവരും സമന്‍മാരെന്ന് പഠിക്കുന്നുണ്ടെങ്കിലും തങ്ങള്‍ ശ്രേഷ്ഠന്‍മാരെന്ന് കാണിക്കാന്‍ ഉടുതുണിയില്ലാതെ ആടാനും ഇവര്‍ക്ക് മടിയില്ല. മറ്റുള്ളവരുടെ വസ്ത്ര ധാരണമോ ഫാഷനോ രീതികളോ ഒക്കെ ദൈവത്തിന് നിരക്കുന്നതും നിരക്കാത്തതും എന്ന് വിധിക്കുക മാത്രമല്ല ഇവര്‍ ചെയ്യുന്നത്. തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തവയെ സമാന ഗ്രൂപ്പുകളോട് പെരുമാറും പോലെ തറ വേലകളുമായി എതിര്‍ക്കും.

ഇന്നത്തെ കാലഘട്ടത്തിലെ അറിവിന്‍റെ  തുറന്ന് കിടക്കുന്ന വിശാലമായ ലോകത്ത്   ജീവിക്കുന്ന മനുഷ്യന് മുമ്പിലേക്ക് യാഥാസ്ഥിതിക - വര്‍ഗ്ഗീയ നിലപാടുമായി വന്നാല്‍ അതിനെതിരെ പ്രതികരണങ്ങളുണ്ടാകും. ആ പ്രതികരണങ്ങളെ മതത്തിന് എതിരെയുള്ള കടന്ന് കയറ്റമായി ചിത്രീകരിച്ച് മത വികാരം ഉണ്ടാക്കി മുതലെടുക്കാമെന്നത് കുടില ബുദ്ധിയാണ്. പക്ഷെ കേരള ജനതയും പ്രത്യേഗിച്ച് പുതു തലമുറയും വികാരത്തിന് പുറകേ പോകുന്നവരല്ല. വിവേകമുള്ളവരാണ്.

ശരി തെറ്റുകളുടെ വലത് - ഇടത് തോളുകളിലെ കിതാബുകള്‍ തൂക്കി നോക്കാനുള്ള തുലാസ് ദുനിയാവില്‍ ഇല്ലെന്ന കാര്യം വിസ്മരിച്ചാണ് ഇവര്‍ വിധികര്‍ത്താക്കളുടെ റോളില്‍ അവതരിക്കുന്നത്. അതായത് ഒരു മനുഷ്യന്‍റെ ശരി - തെറ്റുകളില്‍ ആത്മീയമായ വിധി കല്‍പിക്കേണ്ടത് മനുഷ്യരല്ല. സ്വന്തം വിധിയെ കുറിച്ചൊരു ആത്മ പരിശോധനയാണ് ഓരോരുത്തരും നടത്തേണ്ടത്.

വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ഒക്കെ ആവാം. അതിന് ദൈവത്തെ കൂട്ടുപിടിക്കേണ്ട. കാരണം ദൈവം ഒരുപിടി ആളുകളുടെ സ്വകാര്യ സ്വത്തല്ല. ദൈവത്തില്‍ സര്‍വ്വ ചരാചരങ്ങള്‍ക്കും തുല്യമായ അവകാശമുണ്ട്...

1 comment:

  1. നല്ല ഭാഷ.. നല്ല സന്ദേശം.. അഭിനന്ദനങ്ങൾ.. കപട ആത്മീയ വാദികളുടേയും മതമൗലികവാദികളുടേയും ഈശ്വര ചിന്തകളും പ്രവർത്തികളും പലപ്പോഴും എതിർവാക്കില്ലാത്തവയാകുന്നിടത്ത് ( വോട്ടു ബാങ്കിനെ ലക്ഷ്യം വച്ച്) മാഷിന്റെ നിരീക്ഷണങ്ങൾക്കൊപ്പം നിൽക്കുന്നു. എഴുത്ത് തുടരുക..

    ReplyDelete