Followers

Wednesday, 2 February 2022

https://www.facebook.com/104416495403685/posts/129569246221743/?sfnsn=wiwspmo

Sunday, 8 December 2019

ട്രെയിന്‍ യാത്രയും ബസ് യാത്രയും ഒരു താരതമ്യം

യാത്ര ചെയ്യാത്തവരായി ആരും തന്നെ കാണില്ല. ഒരു യാത്രക്ക് ഉചിതമായ യാത്രാമാര്‍ഗ്ഗം തിരഞ്ഞെടുക്കുമ്പോള്‍ നാം പരിഗണിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. സുരക്ഷിതത്വം, സുഖസൗകര്യം, യാത്രാചെലവ് എന്നിവക്കാണ് ഭൂരിപക്ഷംപേരും പ്രധാന പരിഗണന കൊടുക്കുന്നത്.  അത്യാവശ്യമായി  വേഗതക്ക്  പരിഗണന കൊടുക്കേണ്ടി വരുന്ന ഘട്ടങ്ങളും ഉണ്ടാവുും. ചിലര്‍ എല്ലായ്പ്പോഴും വേഗതക്ക് മുന്‍ഗണന കൊടുക്കുന്നവരുും കാണും


ബസ് യാത്രാ കൂലിയുമായി തട്ടിച്ചു നോക്കുമ്പോള്‍ ട്രെയിന്‍ യാത്രക്ക് ചെലവ് കുറവാണ്. എക്സ്പ്രസ്സ് ട്രെയിനുകളില്‍ സെക്കന്‍റ്ക്ലാസ്സ് ജനറല്‍ യാത്രാ ചാര്‍ജ് ബസ്ചാര്‍ജിനേക്കാള്‍ ഏതാണ്ട് പകുതിയേ വരൂ. സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളില്‍ എക്സപ്രസ്സ് നിരക്കിനേക്കാള്‍ പതിനഞ്ച് രൂപ കൂടെ അധികം നല്‍കിയാല്‍ ജനറല്‍ കമ്പാര്‍ട്ട്മെന്‍റില്‍ യാത്ര ചെയ്യാം. പാസഞ്ചര്‍ ട്രെയിനുകള്‍ അഥവാ ലോക്കല്‍ ട്രെയിനുകളില്‍ എക്സ്‌‌‌‌‌‌‌‌പ്രസ്സ്നിരക്കിന്‍റെ പകുതിയോളം ചാര്‍ജ് കൊടുത്താല്‍ മതിയാകും. അതായത് പാസഞ്ചര്‍ ട്രെയിനുകളിലെ യാത്രാ കൂലി ബസ്ചാര്‍ജിന്‍റെ നാലിലൊന്നേ വരൂ.

യാത്രാ കൂലിയില്‍ ഈ വ്യത്യാസമുണ്ടെങ്കിലും ട്രെയിന്‍ ഉള്ള റൂട്ടുകളില്‍ മാത്രമേ ഇത്തരം താരതമ്യത്തിന് പ്രസക്തിയുള്ളൂ. ട്രെയിന്‍ എല്ലാസമയത്തും ഇല്ലാത്തതാണ് മറ്റൊരു പ്രശ്നം. ഓടുന്ന ട്രെയിനുകള്‍ തന്നെ അനിശ്ചിതമായി വൈകുന്നതും വഴിയില്‍ പിടിച്ചിടുന്നതുമായ പ്രശ്നങ്ങളും  ട്രെയിന്‍ യാത്രയെ ഒഴിവാക്കാന്‍ പലരും ശ്രമിക്കുന്ന ഘടകമാണ്. മറ്റൊന്ന് ടിക്കറ്റെടുത്ത ശേഷം മാത്രമാണ് ട്രെയിനില്‍ കയറാന്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ വരുന്ന ട്രെയിനില്‍ സീറ്റില്ലെങ്കിലും തിരക്കാണെങ്കിലും അത് സഹിച്ച് യാത്രചെയ്യേണ്ടി വരുന്നു. ട്രെയിന്‍ യാത്രയെ സംബന്ധിച്ചും സമയത്തെ സംബന്ധിച്ചും വ്യക്തമായ ധാരണകളുള്ളവരുമായി സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി മുന്‍കൂട്ടി പ്ലാന്‍ ചെയ്താല്‍ ട്രെയിന്‍ യാത്രതന്നേയാണ് സാദാരണക്കാര്‍ക്ക് ഏറ്റവും ഗുണകരമായത്. ബസ് യാത്രയുമായി താരതമ്യം ചെയ്യുമ്പോള്‍ യാത്രാ ക്ഷീണം കുറവായിരിക്കുമെന്നതും അനുകൂല ഘടകമാണ്.

ഹൃസ്വ - മധ്യദൂര യാത്രകള്‍ക്ക് ഉതകുംവിധം റെയില്‍വേയും സംസ്ഥാന സര്‍ക്കാറും  സഹകരിച്ചുകൊണ്ട് സര്‍വ്വീസ്  നടത്തുമെന്ന ചര്‍ച്ചകള്‍ ഫലവത്തായാല്‍ കേരളത്തിലെ യാത്രാരംഗത്ത് പുത്തന്‍ ഉണര്‍വ്വാകും അത്

Thursday, 14 November 2019

നാട്ടുവഴിയിലെ ഭയപ്പാടുകള്‍ (കഥ)

"നാട്ടുവഴിയിലെ ഭയപ്പാടുകള്‍", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ: https://malayalam.pratilipi.com/story/cqg8awfaulnj?utm_source=android&utm_campaign=content_share ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി!

Monday, 24 December 2018

KSRTC പി എസ് സി - എംപാനല്‍ വിവാദം


കെ എസ് അര്‍ ടി സി യില്‍ നടക്കുന്നത്....
( 2018 ഡിസംബറില്‍ എഴുതിയത് )

           
            പത്ത് വര്‍ഷവും അതില്‍ കൂടുതലും കാലം കെ എസ് ആര്‍ ടി സി എന്ന പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി ചെയ്തു വന്നിരുന്ന നാലായിരത്തിനടുത്തോളം ജീവനക്കാര്‍ ഒരു സുപ്രഭാതത്തില്‍ ജോലി നഷ്ടപ്പെട്ട് വഴിയാധാരമാക്കപ്പെടുന്ന അവസ്ഥയിലാണ് ഇന്ന്. ഒപ്പം രണ്ട് വര്‍ഷമായി നിയമന നിര്‍ദ്ദേശ ഉത്തരവ് ലഭിച്ച് ജോലി ഇന്ന് ലഭിക്കും നാളെ ലഭിക്കും എന്ന പ്രതീക്ഷ കൈവിട്ട് നിരാശരായി പോയ അത്രത്തോളം പേര്‍ക്ക് പുതു ജീവന്‍ ലഭിക്കുന്ന സാഹചര്യവും.  ആദ്യ വിഭാഗം അനുഭവിക്കുന്ന മാനസികാവസ്ഥയുടെ നേരെ വിപരീത മാനസികാവസ്ഥയിലാണ് രണ്ടാം വിഭാഗം. ആരോടൊപ്പം നില്‍ക്കണമെന്ന് ചോദിച്ചാല്‍ രണ്ട് വിഭാഗത്തോടൊപ്പവും നില്‍ക്കേണ്ടി വരുന്ന സാഹചര്യം.
           ഇതില്‍ ആദ്യം പറയേണ്ടി വരുന്ന വിഭാഗം പി എസ് സി അഡൈസ് ചെയ്ത വിഭാഗം തന്നെയാണ്. അവര്‍ എന്ത് പിഴച്ചിട്ടാണ് തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട തൊഴില്‍ നാളുകളായി നിഷേധിക്കപ്പെട്ടതെന്നതിന് ഒരു ന്യായീകരണവുമില്ല. ഒഴിവുകള്‍ ഉണ്ടായത് കൊണ്ടാണല്ലോ പി എസ് സി ക്ക് റിപ്പോര്‍ട്ട് ചെയ്തതും പരീക്ഷയും മറ്റ് നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ദീകരിച്ചതും. റാങ്ക് ലിസ്റ്റ് വന്നതിന് ശേഷം റിപ്പോര്‍ട്ട് ചെയ്ത അത്രത്തോളം പേരെ നിയമിക്കാന്‍ കഴിയില്ലെന്ന വിചിത്ര വാദത്തിന്‍റെ ഭാഗമായിട്ടാണ് രണ്ട് വര്‍ഷത്തോളമായിട്ടും അഡ്വൈസ് ചെയ്തവര്‍ക്ക് നിയമനം നല്‍കാതെ വന്നതും അവര്‍ക്ക് കോടതി കയറേണ്ട ദുര്‍ഗതിയുണ്ടായതും . ഒരു വേള കോടതി പോലും കൈവിട്ടവരെ സംബന്ധിച്ച് അവസാനം ഉണ്ടായ അനുകൂലമായ വിധി ആശ്വാസകരം ആണ്.
           താല്‍ക്കാലിക ജീവനക്കാരന്‍റെ കാര്യം രണ്ടാമതായി പറയേണ്ടി വരുന്നത് അവര്‍ക്ക് മാനുഷികമായ പരിഗണനക്കപ്പുറം നിയമപരമായ തൊഴില്‍ സുരക്ഷിത്വം ഇല്ലെന്നതു കൊണ്ടാണ്. മുതലാളിത്ത സമൂഹത്തിലെ തൊഴിലാളി. Hire and fire എന്നതാണ് മുതളിത്വം അവരെ കൈകാര്യം ചെയ്യുന്ന രീതി. തങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഒരു തൊഴില്‍ സുരക്ഷിതത്വ വുമില്ലാതെ തുച്ഛവേതനത്തിന് നിയമിക്കുകയും ആവശ്യം കഴിഞ്ഞാലോ  തൊഴിലാളിക്ക് വയ്യാതായാലോ  നിഷ്കരുണം പറഞ്ഞയക്കുകയും ചെയ്യുന്ന മനുഷ്യത്വ രഹിതമായ സംവിധാനം. എന്നാല്‍ സ്ഥിരം തൊഴില്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ ഇത്തരം ഒരു സംവിധാനം നിലനിന്നു പോന്നതിന് പിന്നില്‍ സ്ഥാപനം നേരിട്ടതും നേരിട്ടു കൊണ്ടിരിക്കുന്നതുമായ സാമ്പത്തിക പ്രതിസന്ധി കൂടെ ഉണ്ടെന്നതാണ് വസ്തുത.
           വളരെ തുച്ഛമായ കൂലിക്ക് കെ എസ് ആര്‍ ടി യിലേക്ക് താല്‍കാലിക്കാരെ ജോലിക്കെടുക്കുമ്പോള്‍ അവന്‍ കുറച്ച് കാലം ജോലി ചെയ്താല്‍ സ്ഥിരപ്പെടാനുള്ള സാധ്യത മനസില്‍ കാണുകയാണ്.  പുതിയ ആളുകളെ ആറ് മാസം കഴിയുമ്പോള്‍ മാറ്റി നിയമിക്കണമെന്ന നിബന്ധനകളും മറ്റും പരിചയ സമ്പന്നരെ ആവശ്യമുള്ളതിന്‍റെ പേരില്‍ മറികടന്നാണ് പത്തും അതില്‍ കൂടുതലും വര്‍ഷങ്ങള്‍ ഇ സംവിധാനം നില നിന്നു പോന്നത്.  ഇത്തരത്തില്‍ തങ്ങളുടെ നല്ല കാലം സ്ഥാപനത്തിന് നല്‍കി ഇനി മറ്റൊരു ജോലിയിലേക്ക് പോകാന്‍ പറ്റാത്ത സാഹചര്യത്തില്‍ എത്തുന്നവര്‍ മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍ ആകുന്നത് സ്വാഭാവികം മാത്രം. ഇത്തരക്കാരോട് കാലാ കാലങ്ങളില്‍ ട്രേഡ് യൂണിയനുകളും രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാറുകളും തീര്‍ത്തും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടിയുടെ ഭാഗമായി നിരവധി പേര്‍ സ്ഥിരം ജീവക്കാരായി മാറിയത് ചരിത്രം.
           അതുകൊണ്ട് തന്നെ വെറും കറിവേപ്പില പോലെ എടുത്ത് എറിയപ്പെടേണ്ടവരല്ല ഇന്ന് സ്ഥാപനത്തില്‍ നിന്നും പുറത്തേക്ക് പോകുന്നവര്‍. അവരെക്കൂടി വരും കാലങ്ങളിൽ തൊഴിൽ മേഖലയിൽ പുനരധിവസിപ്പിക്കേണ്ടതു ണ്ട്. നിയമത്തിന് പോലും അംഗീകരിക്കാന്‍ കഴിയുന്നതാണ് മാനുഷിക പരിഗണന. സ്ഥാപനത്തിന്‍റെ വികസനത്തിന്‍റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട തീരുമാനങ്ങള്‍ നടപ്പിലാക്കിയും വരാനുള്ള ഒഴുവുകളിലേക്ക് പരിഗണിച്ചും ജീവിതോപധി നഷ്ടപ്പെട്ട ഒരു പറ്റം കഷ്ടപ്പാടില്‍ ജീവിക്കുന്നവരുടെ തൊഴില്‍ അവര്‍ക്ക് തിരിച്ച് കൊടുക്കാന്‍ കഴിയേണ്ടതുണ്ട്.
            ഒപ്പം കോടതി വിധിയുടെ പേരില്‍ പിരിച്ചു വിടപ്പെടേണ്ടി വന്ന ജീവനക്കാരെ പൂര്‍ണ്ണമായി കൈവിടാതെ അവരോടൊപ്പം നില്‍ക്കാനും അവര്‍ക്ക് ജീവനോപാധി തിരിച്ച് കിട്ടാനുള്ള എല്ലാവിധ പിന്തുണയും നല്‍കാനും പൊതു സമൂഹത്തിന് കൂടെ ബാധ്യതയുണ്ട്.
*********

Tuesday, 24 July 2018

KSRTC വാടക വണ്ടി ഓടിക്കുമ്പോള്‍



      നഷ്ട കണക്കുകള്‍ മാത്രം പറയാറുള്ള KSRTC യില്‍ രക്ഷക പരിവേഷത്തില്‍ പലപ്പോഴായി ചില സര്‍ക്കാര്‍ / മന്ത്രിമാര്‍ / MD മാര്‍ വരികയും നന്നായി പോകുമെന്ന പ്രതീക്ഷ തരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ രക്ഷകരായി അവതരിച്ചവര്‍ അവരുടെ ദൗത്യം പൂര്‍ത്തീകരിക്കാതെ സ്ഥാപനത്തെ എങ്ങുമെത്തിക്കാന്‍ കഴിയാതെ വിധിയുടെ കൈകളില്‍ ഏല്‍പിച്ച് പിന്നണിയിലേക്ക് പിന്‍വലിഞ്ഞതാണ് സത്യം. അസാധ്യമായത് ഒന്നുമില്ലെന്ന തത്വത്തില്‍ വിശ്വസിക്കുന്ന ഏതാനും ചിലരെങ്കിലും KSRTC യില്‍ ഇന്നും ഉണ്ടാവും. ഒരുകാലത്ത് സകല പ്രൗഢികളുമുള്ള ഒരു സ്ഥാപനത്തിലെ ജീവനക്കാരായി തങ്ങള്‍ മാറുമെന്ന ശുഭാപ്തി വിശ്വാസമുള്ള എന്‍റെ സുഹൃത്തുക്കള്‍ അടക്കമുള്ളവരുടെ മനസിനൊപ്പം നിന്ന് വാടക ബസ് എന്ന ആശയത്തെ എന്‍റെ യുക്തി വെച്ച് വിലയിരുത്തുന്നു.

     KSRTC യെ രക്ഷപ്പെടുത്തണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് 'നാഥനില്ലാ കളരി' എന്നരീതിയില്‍ കുത്തഴിഞ്ഞ് കിടക്കുന്ന സ്ഥാപനത്തെ പുനഃസംഘടിപ്പിക്കുകയാണ്. അഭിപ്രായ വ്യത്യാസങ്ങളും തിരുത്തപ്പെടേണ്ടതുമായ ചില കാര്യങ്ങള്‍ പുനഃസംഘടനയുടെ ഭാഗമായി ഉണ്ടാവാമെങ്കിലും മാറ്റങ്ങള്‍ അടിമുടി അത്യന്താപേക്ഷിതമാണ്.

     KSRTC ക്ക് സ്വന്തമായി അയ്യായിരത്തില്‍ പരം ബസുകള്‍ മാത്രമാണുള്ളത്. എഴുപത്തി അഞ്ച്  ശതമാനത്തോളം സ്വകാര്യ ബസുകള്‍ ഉള്ള ഒരു മേഖലയിലേക്ക് കൂടുതലായി കടന്നു കയറി ആധിപത്യം സ്ഥാപിച്ചാല്‍ മാത്രമേ സ്ഥാപനത്തിന് ഉയര്‍ച്ചയുടെ പടവുകള്‍ കയറാന്‍ കഴിയൂ എന്നത് ഭരണ - മാനേജ്മെന്‍റ് തലത്തില്‍ നിന്നും ട്രേഡ് യൂണിയനില്‍ നിന്നും വര്‍ഷങ്ങളോളം കേട്ടുപോന്നതാണ്. എന്നാല്‍ വലിയ തോതിലുള്ള ഒരു വളര്‍ച്ച നേടാന്‍ സ്ഥാപത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. KSRTC ക്ക് അവകാശപ്പെട്ടതായിട്ട് പോലും സ്വകാര്യ ബസുകള്‍ കൈയ്യടക്കി വെച്ച ദേശസാല്‍കൃത റൂട്ടുകളില്‍ പുതിയ ബസ്സുകളുമായി  കടന്ന് ചെന്നപ്പോഴൊക്കെ പലവിധത്തില്‍ KSRTC യെ തകര്‍ക്കുന്നതിന് സ്വകാര്യ ബസ് ലോബിക്ക് കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് - കണ്ണൂര്‍ ചെയിന്‍ സര്‍വ്വീസുകള്‍ തകര്‍ത്തത് പോലത്തെ നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നില്‍ കാണും. ഇവിടേക്ക് വാടക വണ്ടിയുമായി KSRTC ക്ക് കടന്നു കയറാന്‍ കഴിയുമോ എന്നതാണ് പ്രസക്തമായ ഒരു ചോദ്യം. ഇത്തരം ഒരു രീതിയിലേക്ക് ഒരു സര്‍ക്കാര്‍ സ്ഥാപനത്തെ കൊണ്ടുപോയാല്‍ അതില്‍ സ്വകാര്യ വല്‍ക്കരണത്തിന്‍റെ ലാഞ്ചനയില്ലേ എന്ന് സംശയിക്കുന്നവരെയും കുറ്റം പറയാന്‍ പറ്റില്ല.

     KSRTC ക്ക് സ്വന്തമായി ആയിരക്കണക്കിന് ബസുകള്‍ ഒന്നിച്ച് ഇറക്കിയുള്ള ഒരു പരീക്ഷണം അസാധ്യമാണ്. എന്നിരിക്കേ ആയിരക്കണക്കിന് സ്വകാര്യ ബസുകള്‍ വാടകക്കെടുത്താണെങ്കിലും ഒരു വന്‍ കടന്നു കയറ്റം സാധ്യമാക്കാന്‍ ധൈര്യം കാണിക്കുന്ന ഒരു അധികാര കേന്ദ്രം മുന്നോട്ട് വന്നാല്‍ അവരെ ഏതിര്‍ക്കുന്നതില്‍ യുക്തിയുണ്ടെന്ന് തോന്നുന്നില്ല. കാരണം KSRTC യെ ശരിയായ രീതിയില്‍ രക്ഷിക്കാന്‍ ചില അതി സാഹസിക തീരുമാനങ്ങള്‍ നടപ്പിലാക്കുക തന്നെ വേണം.

     അത്തരത്തില്‍  ഒരു അസാമാന്യ തീരുമാനം എന്ന നിലയില്‍ വാടകക്ക് വണ്ടിയെടുത്തുകൊണ്ട് ദേശസാല്‍കൃത റൂട്ടുകള്‍ ഒന്നൊന്നായി KSRTC യുടെ കൈപിടിയിലേക്ക് കൊണ്ടുവരാനുള്ള ഒരു പരീക്ഷണം എന്തുകൊണ്ട് നടത്തി നോക്കിക്കൂടാ. ഇത്തരം ഒരു നീക്കം നടത്തുമ്പോള്‍ KSRTC ക്ക് ആവശ്യത്തിന് ബസുകള്‍ ഇല്ലാത്തതിന്‍റെ പേരില്‍ സ്വകാര്യ മേഖല കയ്യടക്കിയ ഏതെങ്കിലും ഒരു റൂട്ട് ഏറ്റെടുത്ത് അവിടെ KSRTC ( വാടക വണ്ടി ) ഓടിച്ച് പരീക്ഷണം നടത്തുകയും അത് വിജയിപ്പിച്ച് കാണിക്കുകയും ചെയ്യാന്‍ ഒരു അവസരം കൊടുത്തു നോക്കിക്കൂടെ. പരീക്ഷണം പൂര്‍ണ്ണ വിജയമാണെന്ന് ബോധ്യപ്പെട്ടാല്‍ മറ്റ് സ്ഥലങ്ങളിലേക്ക് കൂടെ വ്യാപിപ്പിക്കുകയും ചെയ്യാമല്ലോ. ഇങ്ങനെ ഒരു കൈവിട്ട കളി കളിക്കുമ്പോള്‍ പരാജയപ്പെടാനുള്ള ചെറിയ സാധ്യത പോലും തള്ളിക്കളയാന്‍ പറ്റില്ല എന്നത് കൊണ്ട് തന്നെയാണ് ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി നോക്കിക്കൂടെ എന്ന് ചോദിക്കുന്നത്.

     ഇത്തരത്തില്‍ ഒരു പരിഷ്കാരം നടക്കുമ്പോള്‍ സ്വകാര്യ ബസ് വ്യവസായം നടത്തുന്നവര്‍ക്കും അതിലെ ജീവനക്കാര്‍ക്കും പരമാവധി പരിഗണന ലഭിക്കും വിധം അവരുടെ ബസുകളും ജീവനക്കാരെയും KSRTC ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുകയും ചെയ്യും. പൊതുമേഖല ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമാണെങ്കിലും സ്വകാര്യ മേഖലയെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് വലിയ പ്രയാസമില്ലാതെ ഈ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ അവസരവും സമയവും കൊടുക്കേണ്ടി വരുന്ന സാമൂഹിക വശവും പരിഗണിക്കേണ്ടതുണ്ട്. KSRTC മാത്രമല്ല  സ്വകാര്യ ബസ് വ്യവസായവും ഇന്ന് വന്‍ പ്രതിസന്ധി നേരിടുന്നുണ്ട്. മാത്രവുമല്ല പുതിയ RTC നിയമങ്ങള്‍ വരുന്നതോടെ ഒന്നും രണ്ടും ബസുകള്‍ ഉള്ളവര്‍ക്ക് ബസ് വ്യവസായ മേഖലയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട്തന്നെ KSRTC ക്ക് മാത്രമായിരിക്കില്ല ഇത്തരം ഒരു മാറ്റമുണ്ടായാല്‍ ഗുണകരമാകുന്നത്. ഒരു പരിധിവരെ സ്വകാര്യ മേഖലക്ക് കൂടെയാകും.

     സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ KSRTC മാത്രം സര്‍വ്വീസ് നടത്തുന്ന രീതിയിലേക്ക് ആദ്യം കര്യങ്ങളെ കൊണ്ടെത്തിക്കുകയാണ് വേണ്ടത്. പിന്നീട് ഘട്ടം ഘട്ടമായി KSRTCയുടെ സ്വന്തം ബസുകള്‍ കൂടുതലായി ഇറക്കി  നൂറ് ശതമാനം പൊതുമേഖല എന്നതിലേക്ക് എത്തിക്കാനും കഴിയണം. ഇവിടെ സര്‍ക്കാര്‍ മേഖലയോ  സ്വകര്യമേഖലയോ ഏതാണ് വേണ്ടതെന്ന ചോദ്യത്തിന് അയല്‍ സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും നമുക്ക് മുന്നില്‍ മാതൃകയായിട്ടുണ്ട്. കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ടും പൊതുമേഖല തന്നെയാണ് നല്ലത്. ഒറ്റപ്പെട്ട അപവാദങ്ങള്‍ നിരാകരിക്കുന്നില്ല.

     സ്വകാര്യ ബസുകള്‍ കൂടെ കൂട്ടിക്കലര്‍ത്തിയാല്‍ സ്വകാര്യവല്‍കരണം ആയിപ്പോകുമെന്ന് ഭയക്കുന്നവരുണ്ട്. എന്നാല്‍ എഴുപത്തി അഞ്ച് ശതമാനത്തില്‍ കൂടുതല്‍ നിലവില്‍ സ്വകാര്യ മേഖല കയ്യടക്കി വെച്ച കേരളത്തിലെ റോഡ് ട്രാന്‍സ്പോര്‍ട്ട് മേഖലയിലേക്ക് KSRTC കടന്നു കയറുമ്പോള്‍ അത് പൊതമേഖലയായ KSRTC യെ ശക്തിപ്പെടുത്തുകയല്ലേ ചെയ്യുക. സ്വകാര്യ വല്‍കരണ നയങ്ങളെ അനുകൂലിക്കാത്ത ഒരു ഭരണ സംവിധാനം ഉള്ളപ്പോള്‍ അല്ലാതെ ആത്മ രക്ഷാര്‍ത്ഥം ചെയ്യാവുന്ന ഇത്തരം ഒരു പരീക്ഷണത്തിന് പിന്നെ എപ്പോഴാണ് നല്ല സമയം. (ഇത്തരം ഒരു നീക്കം നടക്കുമ്പോള്‍ പൊതുമേഖലാ സ്ഥാപനം എന്ന നിലയില്‍  KSRTC ക്ക് നേരിടേണ്ടി വരാവുന്ന ഒളിഞ്ഞിരിക്കുന്ന അപകങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരുടെ ആശങ്കകള്‍ മാനിക്കുന്നു ).

     വെന്‍റിലേറ്ററില്‍ കിടക്കുന്ന രോഗിയെ പറ്റി ഡോക്ടര്‍ പറയുന്നു; 'എന്തെങ്കിലും അടിയന്തിരമായി ചെയ്തേ പറ്റൂ ' നിങ്ങള്‍-ബന്ധുക്കള്‍ എന്തുപറയണം. തര്‍ക്കിച്ച് സമയം കളയരുത്. ഉചിതമായ തീരുമാനമാണ് ഉടനടി  വേണ്ടത്.

Monday, 19 March 2018

വത്തക്ക ചൂഴ്ന്ന് നോക്കുമ്പോള്‍

       

         കുട്ടികളെ, കൗമാരക്കാരെ, യുവതീ - യുവാക്കളെ, സ്ത്രീ - പുരുഷന്‍മാരെ തുടങ്ങി പ്രായമായവരെ വരെ തരം തിരിച്ച് തന്‍റെ യുക്തിക്കനുസരിച്ച് അവരിലെ കുറ്റങ്ങളെയും കുറവുകളെയും   കുറ്റപ്പെടുത്തലിന്‍റെയും പരിഹാസത്തിന്‍റേയും അശ്ലീലത്തിന്‍റേയും ഭാഷയില്‍ ഉന്‍മാദത്തോടെ അവതരിപ്പിക്കുന്ന രീതികളോട്  പണ്ട് മുതലേ പുച്ഛമാണ്. എന്‍റെ അഭിപ്രായം പരസ്യമായി ഏറ്റവും അടുത്തവരോട് പറഞ്ഞാല്‍ പൗരോഹിത്യത്തെ കുറ്റം പറയുന്നത് മഹാ അപരാധമാണെന്ന പ്രതികരണവും കിട്ടിയിട്ടുണ്ട്. പൗരോഹിത്യമെന്നാല്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത വിഭാഗമാണെന്ന കാലങ്ങളായുള്ള ധാരണയുടെ പിന്‍ബലത്തില്‍ ഒരു വിഭാഗം  തങ്ങളുടെ ആസനങ്ങളില്‍ മുളച്ചു പൊന്തിയ ആലിന്‍ ചുവട്ടിലെ തണലില്‍ ഇരിക്കുമ്പോള്‍ തങ്ങള്‍ തുടരുന്ന രീതികള്‍ പൊതുസമൂഹം അംഗീകരിക്കാത്തതാണെന്ന് ബോധ്യപ്പെടാന്‍  ചില സാഹചര്യങ്ങള്‍ക്ക് കഴിയുന്നുവെങ്കില്‍ അത്രയും നല്ലത്.

തന്‍റെ മുന്നിലെ സദസ്സിലിരിക്കുന്നവരെ  നെഗറ്റീവായിട്ട് കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിക്കുന്നതിന് പകരം നല്ല ഭാഷയില്‍ അഥവാ പോസിറ്റീവായി കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുമ്പോള്‍ അതുണ്ടാക്കുന്ന ഫലം വലുത് തന്നെയായിരിക്കും. അത്തരത്തില്‍ സംസാരിക്കുന്നവരും കുറച്ചെങ്കിലും ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. പോസിറ്റീവായി ഉപദേശത്തിന്‍റെ രീതി ഉപയോഗിക്കുമ്പോള്‍ സദസിന്‍റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയണമെങ്കില്‍ ആകര്‍ഷകമായ സംസാരമുള്ളവരും , അറിവിന്‍റെ നിറകുടവും ആവേണ്ടതുണ്ട്. എന്നാല്‍ കുറ്റപ്പെടുത്തലിന്‍റേയും പരിഹാസത്തിന്‍റേയും അശ്ലീലത്തിന്‍റേയും രീതി സ്വീകരിക്കുമ്പോള്‍ നെറ്റി ചുളിച്ചാണെങ്കിലും സദസ്സിന്‍റെ ശ്രദ്ധ പെട്ടെന്ന്  കേന്ദ്രീകരിക്കാന്‍ കഴിയും എന്നതു കൊണ്ടാവും പലരും വൈകാരികതയുടെ ആ രീതി ഉപയോഗിക്കുന്നത്.  പ്രഭാഷണ രീതികള്‍ പലപ്പോഴും മാതൃകയാക്കപ്പെടുകയാണിവിടെ. ദൈനംദിന ജീവിതത്തിന്‍റെ വിഷയങ്ങളെ സ്വന്തം യുക്തിക്കനുസരിച്ച് വിലയിരുത്താന്‍ അറിവ് ഒരു ഘടകമല്ല എന്നതുകൊണ്ട് വാളെടുത്തവര്‍ക്കൊക്കെ വെളിച്ചപ്പാടാകാം.

മറ്റുള്ളവരെ ഉപദേശിക്കുകയും അറിവ് പകര്‍ന്ന് നല്‍കുകയും ചെയ്യുന്നവരുടെ അടിസ്ഥാന യോഗ്യത ആരും അന്വേഷിക്കുന്നില്ല. ശബ്ദം കൊണ്ടോ ശൈലി കൊണ്ടോ ആണ് പലരും ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കുന്നത്. ആള്‍ കൂട്ടത്തിന്‍റെ വലുപ്പത്തിനനുസരിച്ച് മണിക്കൂറിന് ആയിരങ്ങള്‍ ഫിക്സഡ് റേറ്റുള്ള , താര പരിവേഷമുള്ള പ്രഭാഷകര്‍ ആത്മീയതയുടെ വഴിയേ പൗരോഹിത്യത്തിന്‍റെ കുപ്പായമണിഞ്ഞ് പോകുന്ന വലിയൊരു വിഭാഗത്തെ മോഹിപ്പിക്കുന്നുണ്ട്.

വസ്ത്ര ധാരണത്തെ കുറ്റം പറയുന്നവര്‍ ഏതാണ് അനുയോജ്യമായ വസ്ത്രം എന്ന് പറയില്ല. പര്‍ദ്ദ ധരിക്കാന്‍ പറയുന്നവര്‍ തന്നെ ഇപ്പോള്‍  പര്‍ദ്ദക്കടിയിലെ ലെഗിന്‍സിന് കുറ്റം കണ്ടെത്തുന്നു. മറ്റുള്ളവരെ ഉപദേശിക്കാനും കുറ്റപ്പെടുത്താനും വേണ്ടി അടിവസ്ത്രത്തില്‍ വരെ എത്തിനോക്കുന്നവരെ മതത്തിന്‍റെ പേരില്‍ ന്യായീകരിക്കുന്നത് അവര്‍ അംഗങ്ങളായ ''ലിമിറ്റഡ് കമ്പനി'' യുടെ വാക്താവ് എന്ന നിലക്കാണ്.  മതത്തിലെ മൃദു വാദികള്‍ മുതല്‍ തീവ്രവാദികള്‍ വരെ തങ്ങളാണ് യഥാര്‍ത്ഥ വിശ്വാസികളെന്ന് വാദിച്ച് പരസ്പരം പോരടിക്കുമ്പോള്‍ മതത്തേക്കാള്‍ ഇത്തരക്കാര്‍ക്ക് കൂറ് തങ്ങളുടെ ഗ്രൂപ്പിനോടാണ്.

തന്‍റെ സമുദായം നിരവധി വിഭാഗങ്ങളായി തിരിയുമെന്നും അതില്‍ ഒരു വിഭാഗം മാത്രമേ സ്വര്‍ഗ്ഗത്തിലെത്തുകയുള്ളൂ എന്നുമുള്ള  പ്രവാചക വചനങ്ങളൊന്നും ഇവിടെ ആരെയും ഇരുത്തി ചിന്തിപ്പിക്കുന്നില്ല. എന്തായാലും അതൊരു റജിഷ്ട്രേഡ് സംഘടന ആവുമെന്ന് ഞാന്‍ വിശ്വസിക്കുന്നുമില്ല.

(ഈ പോസ്റ്റ് വിമര്‍ശനാത്മകം അണ് അഥവാ ശൈലി നെഗറ്റീവാകാം )

Friday, 22 December 2017

പുരുഷ മേധാവിത്വം തകര്‍ക്കാന്‍ നിങ്ങള്‍ക്ക് ആവില്ല മക്കളേ...

          സാമ്പത്തികമായി സ്വന്തംകാലില്‍ നില്‍കാന്‍ കഴിയുന്ന കുറച്ച് പേര്‍ ചേര്‍ന്ന് പുരുഷ മേധാവിത്വത്തിനെതിരെ സംഘടിച്ചാല്‍ ക്ഷീണം സംബവിക്കുന്ന ഒന്നല്ല നമ്മുടെ നാട്ടിലെ പുരുഷ മേധാവിത്വം. അത് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ഒരു വന്‍ വൃക്ഷമാണ്. കുട്ടികള്‍‍ മാവിന് കല്ലെറിഞ്ഞ് ഒന്നോ രണ്ടോ മാമ്പഴം വീഴ്ത്തും പോലെ ചെറിയൊരു ചലനം ഉണ്ടാക്കാനേ ഇത്തരം ഒറ്റപ്പെട്ട കൂട്ടായ്മകള്‍ക്ക് കഴിയൂ. അതുകൊണ്ട് തന്നെ പുരുഷ മേധാവിത്വ സമൂഹം എന്ന ലേബല്‍ മാറണമെങ്കില്‍ വ്യത്യസ്തമായ സപീപനങ്ങളും പരസ്പര ധാരണകളുമാണ് വേണ്ടത്. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകളും പുരുഷന്‍മാര്‍ക്ക് വേണ്ടി പുരുഷന്‍മാരും രണ്ട് ചേരിയായി നിന്ന് സംഘടിക്കുന്നതിന് പകരം യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാനും സ്ത്രീയും പുരുഷനും പരസ്പരധാരണയോടെ മുന്നോട്ട് പോകാനുമാണ് ശ്രമിക്കേണ്ടത്.

          എന്തൊക്കെയാണ് പുരുഷ മേധാവിത്വം കൊണ്ട് സ്ത്രീ നേരിടുന്ന പ്രശ്നങ്ങള്‍, അതിനുള്ള ചരിത്രപരവും പ്രകൃത്യാലുള്ളതും അല്ലത്തതുമായ കാരണങ്ങള്‍ എന്തെല്ലാമാണ്, ഈ പ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യാനും പരിഹാരം കാണാനും ഹൃസ്വകാല - ദീര്‍ഘകാല അടിസ്ഥാനത്തില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും, എന്തൊക്കെ ചെയ്യാന്‍ കഴിയാത്തതായിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളില്‍ ആദ്യം ചില വ്യക്തത വരുത്തേണ്ടതുണ്ട്. അതിന് സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന ഒരു വിദഗ്ദ സംഘത്തെ  കൊണ്ട് പരിശോധിപ്പിച്ച് ഒരു ധാരണയിലെത്തുകയും അത് മുഴുവന്‍ സ്ത്രീകളിലും പുരുഷന്‍മാരിലും എത്തിക്കുകയും വേണം. ഒപ്പം തന്നെ പുതു തലമുറയെ പുരുഷ മേധാവിത്വം എന്ന ഒരു അപവാദമില്ലാതെ വളര്‍ത്തിയെടുക്കാന്‍ ആവശ്യമായത് പ്രാധമിക വിദ്യഭ്യാസ തലം മുതല്‍ തന്നെ സ്വീകരിക്കുകയും വേണം.  അപ്പോള്‍ മാത്രമാണ് സ്ത്രീ എന്ന നിലയില്‍ അനുഭവിക്കേണ്ടി വരുന്ന അന്യയമായ വിവേചനങ്ങള്‍ക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാക്കാന്‍ കഴിയൂ.

          എന്നാല്‍ മേല്‍പറഞ്ഞ പ്രകാരം എളുപത്തില്‍ ഒരു പരിഹാരം ഉണ്ടാക്കാന്‍ മാത്രം ഏകശിലാ രൂപത്തിലുള്ള സമൂഹമല്ല നമ്മുടേതെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നില്ല. വിവിധ മതങ്ങളും അവയുടെ അവാന്തര വിഭാഗങ്ങളും ജാതികളും യാഥാസ്ഥിതിക ഗ്രൂപ്പുകളും  ശക്തമായി സ്വാധീനം ചെലുത്തുന്ന ഒരു സമൂഹമാണ് നമ്മുടേത്.  പ്രൈമറി സ്കൂളില്‍ പഠിക്കുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നിച്ചിരുന്നാല്‍ സദാചാരം ലംഘിക്കപ്പെട്ട് പോകുമെന്ന് ഭയപ്പെടുന്ന സമൂഹം - കൊച്ചു പെണ്‍കുട്ടികള്‍ പോലും കലാ പരിപാടികള്‍ സ്റ്റേജില്‍ കയറി അവതരിപ്പിച്ചാല്‍ അത് വലിയ തെറ്റാണെന്ന് വിധികല്‍പിക്കുന്ന ചെറിയ മനസുള്ളവരുടെ സമൂഹം - മഹത് വചനങ്ങളെ വ്യഖ്യാനിച്ച് വ്യാഖ്യനിച്ച് സ്ത്രീ ശരീരത്തെയും സൗന്ദര്യത്തേയും കുറിച്ച് വല്ലാതെ കണ്ട് ഉല്‍കണ്ഡപ്പെടുന്ന സമൂഹം - ഗേള്‍സ്, ബോഴ്സ് സ്കൂളുകളും വുമണ്‍സ്, മെന്‍സ് കോളേജുകളും സഥാപിച്ച് പരമാവധി സദാചാരം കെട്ടിപ്പടുക്കാമെന്ന് കരുതുന്ന സമൂഹം - യുവതികളെ ആരാധനാലയത്തില്‍ കയറ്റിയാല്‍ തകര്‍ന്ന് പോകുന്ന സദാചാരത്തെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്ന സമൂഹം - മത പൗരോഹിത്യങ്ങളില്‍ ആരും സ്ത്രീയെ അടുപ്പിക്കാന്‍ തയ്യാറല്ല എന്ന യാഥാര്‍ത്ഥ്യം. ഈ വ്യത്യസ്ത സമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ക്ക് ഇടയില്‍ സ്ത്രീകള്‍ പൊതുവായി നേരിടുന്ന ചില വിഷയങ്ങളിലെങ്കിലും ധാരണകള്‍ ഉണ്ടാക്കിയെടുക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ക്ക് സാധിച്ചേക്കും.

          പുതു തലമുറയുടെ കാര്യത്തില്‍ കുറേ കൂടെ നല്ലതായ തീരുമാനങ്ങള്‍ കൈകൊള്ളാനാണ് കാര്യമായ ശ്രമം ഉണ്ടാകേണ്ടത്. സമൂഹത്തെ മാറ്റങ്ങളിലേക്ക് നഴിക്കേണ്ട പുതുതലമുറ പക്ഷെ കൂടുതല്‍ യാഥാസ്ഥിതികരായിട്ടാണ് വളര്‍ന്നതെന്ന സത്യം ഇവിടെ  തുറിച്ചു നോക്കുന്നുണ്ട്. എന്നാല്‍ വരാനിരിക്കുന്ന തലമുറയെ എങ്കിലും യാഥാസ്ഥിതികതയുടെ മാത്രം ചട്ടക്കൂട്ടില്‍ അകപ്പെട്ടു പോകാതിരിക്കാന്‍  ശ്രദ്ധിച്ചില്ലെങ്കില്‍ വലിയൊരു വിഭാഗം വരുന്ന സ്ത്രീ സമൂഹം വരും നാളുകളിലും ഇന്ന് നേരിടുന്ന അവസ്ഥ തുടരുക തന്നെ ചെയ്യും.

          ഫെമിനിസ്റ്റുകളുടെ വാദം കേള്‍ക്കുമ്പോള്‍ തോന്നുന്നത് സ്ത്രീയും പുരുഷനും രണ്ട് എതിര്‍ ചേരിയില്‍ നിന്ന് പോരടിക്കുന്നവരായിട്ടാണ്. എന്നാല്‍ സമൂഹ വ്യവസ്ഥിതി സൃഷ്ടിച്ച അസമത്വങ്ങളുണ്ടെങ്കിലും സ്ത്രീക്കും പുരുഷനും ഇടയില്‍ സ്നേഹ ബന്ധങ്ങള്‍ ദൃഡവും സുശകതവുമാണ്. പുരുഷന്‍റെ സ്നേഹം  മാതാവും, സഹോദരിയും, പുത്രിയും ഭാര്യയും, സ്നേഹിതയും ഒക്കെ ആയി സ്ത്രീയിലേക്കും തിരിച്ചും സ്നേഹം പ്രവഹിക്കുന്നത് കൊണ്ടാണ് മനുഷ്യന് ഇവിടെ സന്തോഷവും സമാധാനവും സാധ്യമാകുന്നത്.

           എന്നാല്‍ സ്ത്രീയെ പുരുഷ മേധാവിത്വം എന്ന ദണ്ഡ് കൊണ്ട് പ്രകോപിപ്പിച്ച് പുരുഷന് എതിരെ തിരിച്ച് വിടാന്‍ നോക്കിയാല്‍ കുടുബ ബന്ധങ്ങള്‍ക്കിടയില്‍ മുറുമുറുപ്പും പൊട്ടിത്തെറിയും ഉണ്ടാക്കാനേ സാ സ്ത്രീയുടേതെന്നും പുരുഷന്‍റേതെന്നും വേര്‍തിരിവുകളില്ലെന്നും സ്ത്രീയും പുരുഷനും സമന്‍മാരാണെന്നും പറഞ്ഞാല്‍ ഒറ്റയടിക്ക് സമ്മതിച്ച് കൊടുക്കാന്‍ അവന് പാരമ്പര്യമായി കിട്ടിയ ഉപബോധ മനസും ആ മനസിന്‍റെ നിയന്ത്രണത്തിലുള്ള ബോധമനസും തയ്യാറാവില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കണം.

          സ്ത്രീ - പുരുഷ സമത്വം എന്നോ പുരുഷ മേധാവിത്വം ഇല്ലാത്ത സമൂഹമെന്നോ  പറയുമ്പോള്‍ ഉയരുന്ന ഏറ്റവും സാദാരണമായ ചില ചോദ്യങ്ങളുണ്ട്. സ്ത്രീയും പുരുഷനും പ്രകൃത്യാ തന്നെ സമന്‍മാരല്ലെന്ന കാര്യം. ശരീരികവും മാനസികവുമായ ശക്തി ദൗര്‍ബല്ല്യങ്ങളിലെ വ്യത്യാസങ്ങള്‍, കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ച് പ്രസവിക്കാനും വളര്‍ത്തിയെടുക്കാനും സ്ത്രീക്ക്‌ മാത്രമുള്ള ശാരീരികവും ജനിതകവുമായ പ്രത്യേകതകള്‍. സ്ത്രീ ഇവിടെ വംശത്തിന്‍റെ നിലനില്‍പിനുള്ള ഉപകരണം മാത്രമാണെന്നും സമൂഹത്തിലെ മറ്റെല്ലാ മണ്ഡലങ്ങളും പുരുഷന് മാത്രം മേധാവിത്വം ഉള്ളതാണെന്നുമുള്ള ചരിത്രപരമായി പിന്തുടരുന്ന ധാരണകളില്‍ കാലത്തിന് അനുസരിച്ച മാറ്റം അനിവാര്യമാണ്. എന്നാല്‍ ആ മാറ്റങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ടത് ഒരുപറ്റം സ്ത്രീകള്‍ മാത്രമല്ല. പുരോഗമന ചിന്താഗതിയുള്ള സമൂഹം ഒന്നിച്ച് നടത്തേണ്ട വിപ്ലവമാണത്.

          സ്ത്രീ തന്‍റെ അമ്മയാണ്, സഹോദരിയാണ്, മകളാണ്, ഭാര്യയാണ്, സ്നേഹിതയാണ് എന്നനിലയിലൊക്കെ സ്നേഹ - ബഹുമാനങ്ങള്‍ നല്‍കുന്ന പുരുഷന് അവന് ഏറ്റവും വേണ്ടപ്പെട്ടവര്‍ നേരിടുന്ന അന്യായമായ വിവേചനങ്ങളോട് മുഖം തിരിക്കാന്‍ കഴിയില്ല. എന്നാല്‍ ആഴത്തില്‍ ചിന്തിക്കാന്‍ ശ്രമിക്കാതെ പാരമ്പര്യമായി നടന്നു വരുന്ന ശീലങ്ങളും മതപരമായ ദുര്‍ വ്യഖ്യാനങ്ങളും അവനെ അന്ധനാക്കുന്നുവെങ്കില്‍ അവരെ കണ്ണുതുറപ്പിക്കാനുള്ള ഉത്തരവാദിത്വം പുരോഗമന ചിന്താഗതിക്കാര്‍ക്കാണ്.

          എന്‍റെ  ജീവിതത്തിലും ഈ പോസ്റ്റില്‍ പോലും പുരുഷ മേധാവിത്വത്തിന്‍റെ ശബ്ദങ്ങള്‍ കണ്ടേക്കാം ( പക്ഷെ ഹെഡിം ബോധപൂര്‍വ്വമാണ് ).  കാണണം വളര്‍ന്നു വന്നതും ജീവിക്കുന്നതുമായ സാഹചര്യങ്ങളില്‍ നിന്ന് ഉള്‍ക്കൊള്ളുന്നവ പൂര്‍ണ്ണമായി മാറ്റാന്‍ കഴിയില്ലെന്നത് നഗ്ന യാഥാര്‍ഥ്യമാണ്. ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് കൊണ്ടുള്ള  പരസ്പര ധാരണകള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്ക് എന്തൊക്കെ കാരണമായാലും അത് നല്ലതാണ്.