Followers

Saturday, 24 August 2013

സമൂഹത്തെ കുറിച്ച് പറയാത്ത സര്‍ഗാത്മഗത‍

     കേരളത്തെ പിടിച്ച് കുലുക്കിയ ഒരു സമരത്തിന്‍റെ മൂര്‍ദ്ദന്യത്തില്‍ പലരുടെയും അടക്കിപ്പിടിച്ച രാഷ്ട്രീയ പക്ഷപാതിത്വം ഒരു അഗ്നിപര്‍വ്വതം കണക്കെ പൊട്ടിത്തെറിച്ചു ! . സമരത്തിന്‍റെ രാഷ്ട്രീയം മാറ്റി വെക്കാം . താന്‍ നിഷ്പക്ഷനാണെന്ന രീതിയില്‍ പെരുമാറുമെങ്കിലും ഓരോ കേരളീയനും കക്ഷി രാഷ്ട്രീയവും, മതവും, മത സംഘടനയും , ജാതിയും , ജാതി സംഘടനയും  തുടങ്ങി മതില്‍കെട്ടുകള്‍ തീര്‍ക്കുന്ന ആശയഗതികള്‍ കൊണ്ടു നടക്കുന്നവര്‍ തന്നെ. തന്‍റെ രാഷ്ട്രീയത്തെ പറ്റി പറഞ്ഞാല്‍ , മതത്തെപ്പറ്റി പറഞ്ഞാല്‍ ,ജാതിയെപ്പറ്റി പറഞ്ഞാല്‍ തന്നെ ഒരു പക്ഷത്തിന്‍റെ ആളായികാണും എന്നത്കൊണ്ട് അവയെകുറിച്ചൊന്നും ഭൂരിഭാഗം പേരും ഒന്നും പറയില്ല.

     മഴയെ കുറിച്ചോ നദിയെകുറിച്ചോ തുടങ്ങി പ്രകൃതിയെ കുറിച്ചും പ്രേമം പോലെയോ ദുഃഖം പോലെയോ ഉള്ള വൈകാരികതയെ സംബന്ധിച്ചും നന്നായി എഴുതുന്നവര്‍ പോലും സമൂഹത്തെ കുറിച്ച് വരികള്‍ക്കിടയില്‍ പോലും ഒന്നും പറയാന്‍ തയ്യാറാകുന്നില്ല. താന്‍ ന്ഷ്പക്ഷനാണെന്ന് ബോദ്ധ്യപ്പെടുത്താന്‍ ആരെപ്പറ്റിയും ഒന്നും പറയാതിരിക്കുന്ന പ്രവണത വര്‍ദ്ദിച്ചു വരുന്നു. സമൂഹത്തില്‍ മതില്‍കെട്ടുകള്‍ തീര്‍ക്കുന്നവരൊക്കെ ശക്തരായിരിക്കുന്നിടത്തോളം അവരോടുള്ള വിധേയത്വം നിലനില്‍ക്കുകയും ഭൂരിപക്ഷം പേരും കാടിനേ കുറിച്ചോ കടലിനെ കുറിച്ചോ ഒക്കെ എഴുതിക്കൊണ്ടേയിരിക്കുകയും ചെയ്യും.

     ദാരിദ്രം എന്നത് ഒരു മാനസികാവസ്ഥയാണെന്ന് ഉത്തരവാദപ്പെട്ടവരെന്ന് അവകാശപ്പെടുന്നവര്‍ തന്നെ പറയുമ്പോഴും മുമ്പത്തെ ധാര്‍മികതയൊന്നും ഇപ്പോഴില്ലെന്ന് പറയാന്‍ ധാര്‍മ്മികത ഇല്ലെന്ന് തെളിയച്ച വ്യക്തിയെ തന്നെ പൊതു സമൂഹത്തിന് മുന്നിലേക്ക് അവതരിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ നാം കേള്‍വിക്കാരായി നിന്നുകൊടുക്കുന്നു. നാട് ഭരിക്കുന്നവര്‍ ലക്ഷക്കണക്കിന് കോടികളുടെ അഴിമതി നടത്തുമ്പോള്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ അധികാരം നിലനിര്‍ത്താനും അധികാരത്തിലെത്താനും തന്ത്രങ്ങള്‍ മെനയുന്നവര്‍ മാത്രമായി മാറുന്നു. മാദ്ധ്യമങ്ങള്‍  വാര്‍ത്തകളെ വിനോദമെന്ന നിലയിലേക്ക് മാറ്റിമറിക്കുമ്പോള്‍ ദുരന്തങ്ങള്‍ പോലും ആഘോഷിക്കപ്പെടുന്നു. ഉന്നത ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മതത്തിന്‍റെ പേരില്‍ മത സംഘടനകളും ജാതി സംഘടനകളും ഉണ്ടാക്കി സമൂഹത്തിന് മൊത്തം അവകാശപ്പെട്ടത് തട്ടിയെടുക്കുമ്പോള്‍ ആദിവാസി ഊരുകളില്‍  മൃഗതുല്യരായി ജീവിക്കുന്ന മനുഷ്യര്‍‍ പട്ടിണികിടന്ന് മരിക്കുന്നു. നാട്ടില്‍ ആള്‍ദൈവങ്ങളും ദൈവങ്ങളേ  പോലെ ആരാധിക്കപ്പെടുന്നവരും പെരുകുന്നു.

     ഇത്തരം സാഹചര്യങ്ങള്‍ക്ക് വളരാന്‍ പറ്റിയ വളക്കൂറുള്ള മണ്ണായി മാറുമ്പോള്‍ ഇവിടെ പുകയുന്നത് ഒരുപാട് അഗ്നിപര്‍വ്വതങ്ങളാണ്.രാഷ്ട്രീയ സാഹചര്യങ്ങളുടെ ഉച്ഛാവസ്ഥയില്‍ ഉള്ളിലൊളിപ്പിച്ച പക്ഷപാതിത്വം പുറത്ത് ചാടിയപോലെ ഏതെങ്കിലും ദുര്‍ബല നിമിഷങ്ങളില്‍ സ്ഫോടനങ്ങള്‍ ഉണ്ടായേക്കാം!

     സമൂഹത്തെ കുറിച്ച് ഒന്നും പറയാത്ത സര്‍ഗാത്മഗതയെന്ന പേരില്‍ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍കൊണ്ട് എന്ത് പ്രയോജനം.

Saturday, 3 August 2013

അധാര്‍മികതയുടെ അഴുക്കുചാല്‍ സമൂഹ മദ്ധ്യത്തിലൂടെ ഒഴുകുമ്പൊള്‍

............................................................................
.........
.........
     
       മതങ്ങളുടെയും ജാതികളുടെയും പേരില്‍ സംഘടനകളുണ്ടാക്കി പരസ്പരം പോരടിച്ചും മത്സരിച്ചും പൊതു സമൂഹത്തിന് ആകമാനം അവകാശപ്പെട്ട സമ്പത്തിനെ തങ്ങളുടെ വിഭാഗത്തിന്‍റ വരുതിയിലാക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നവര്‍ ഇവിടെ മതത്തിന്‍റെ വാക്താക്കളായി മാറുമ്പോള്‍ അവര്‍ സമൂഹത്തിന് മുമ്പില്‍ തുറന്നു വെക്കുന്നത് ആര്‍ത്തിയുടെയും സമ്പന്നതയുടെയും മുഖമാണ്.........cont....

Wednesday, 24 July 2013

രാഷ്ട്രീയബോധം നഷ്ടപ്പെടുമ്പോള്‍

        രാഷ്ട്രീയ നേതൃത്വങ്ങള്‍ അധികാരം നിലനിര്‍ത്താനും അധികാരത്തിലെത്താനും വണ്ടി മാത്രം പ്രവര്‍ത്തിക്കുകയും‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ സമയം കിട്ടാത്തവരായി മാറുകയും  ചെയ്താല്‍‍ സാധാരണക്കാരന്‍റെ മനസിലേക്ക്  കടന്നു വരുന്നത് അരാഷ്ട്രീയമായിരിക്കും. ഇപ്പോള്‍ തന്നെ കേരള രാഷ്ട്രീയത്തെ നിയന്തീരിക്കുന്നത് തങ്ങളാണെന്ന് അവകശപ്പെടുന്ന ജാതി- മത-വര്‍ഗ്ഗീയ സംഘടനകള്‍ വോട്ടു ബേംകുകളാക്കി സമൂഹത്തിലെ ഒരു വിഭാഗം തങ്ങളുടെ കൂടെയുണ്ടെന്ന് അവകാശപ്പെടുന്നു. സ്ഥാപന വല്‍ക്കരിക്കപ്പെട്ട ഈ സംഘടനകള്‍ ഭരണത്തിലിടപെട്ട്  അവിഹിതമായി മൊത്തം സമൂഹത്തിന് അവകാശപ്പെട്ട പലതും കൈക്കലാക്കുമ്പോള്‍ മത്തിന്‍റെയും ധാര്‍മ്മികതയുടെയും പേരുപറഞ്ഞ് നടക്കുന്നത്‍ പിടിച്ചുപറിയല്ലേ. ജാതിക്കോമുരങ്ങള്‍ തിമര്‍ത്താടിയ ഒരുനാട്ടില്‍ പുതിയ രൂപത്തിലും ഭാവത്തിലും അവ തിരിച്ചുവരവിനൊരുങ്ങുന്ന അപകടം നാം തിരിച്ചറിയേണ്ടേ. ഇവിടെയാണ് ശരിയായ രാഷ്ട്രീയത്തിന്‍റെ പ്രസക്തി. ഉയര്‍ന്ന രാഷ്ട്രീയബൊധം പ്രകടിപ്പിച്ച കേരളത്തിലെ മുതിര്‍ന്ന തലമുറകളില്‍ അല്‍പ്പം ഊര്‍ജ്ജം ചോര്‍ന്നുപോയിട്ടുണ്ടെംകിലുംഅത് ഉറങ്ങിക്കിടക്കുന്നുണ്ട്. എന്നാല്‍ പുതുതലമുറ രാഷ്ട്രീയത്തോട് ഒട്ടും അടുക്കുന്നില്ല. ജാതി-മത-വര്‍ഗ്ഗീയ സംഘടനകളുടെ കെണിയിലേക്കാണ് ഇവര്‍ വളര്‍ന്നുവരുന്നത്. 

ഇവിടെ രാഷ്ട്രീയത്തെ ആശയപരമായ സംവാദത്തിലേക്ക് കൊണ്ട് വരുന്നതിന് പകരം വെല്ലുവിളികളും അസഭ്യ വര്‍ശവും അക്രമവും  എന്ന ശൈലിയിലേക്ക് മാറുന്നതിന്‍റെ ലക്ഷണങ്ങള്‍ കാണുന്നു.ബ്രേക്കിം  ന്യൂസുകള്‍ക്ക് വേണ്ടി പരക്കം പായുന്ന മാദ്ധ്യമങ്ചളുടെ വലയില്‍ കുടുങ്ങി ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളെ പോലും പ്രതിസന്ധിയിലാക്കുന്നവര്‍ പെരുകുന്ന മറ്റൊരപകടം. രാഷ്ട്രീയത്തെ  നാടിന്‍റെ നിലനില്‍പ്പിന് അനിവാര്യമായ ഒന്നാണെന്ന ഉയര്‍ന്ന ബോധത്തോടെ സമീപിക്കുന്ന മനസ്സുകളായി ഓരോരുത്തരും മാറേണ്ടതുണ്ട്.

ശക്തമായ ജനാധിപത്യവും നല്ല ഭരണവും  ഉണ്ടാവണമെംകില്‍ ഉന്നത ജനാധിപത്യ ബോധമുള്ള ഒരു സമൂഹം ആവശ്യമാണ്. ആബോധത്തിലേക്ക് കേരളത്തിലെ സമൂഹത്തിന് ഉയരാന്‍ കഴിയുന്നില്ലെംകില്‍ കള്ളന്‍മാരും കൊള്ളക്കാരും ആഭാസന്‍മാരും നമ്മെ ഭരിക്കും.‍

Sunday, 21 July 2013

പീഢനങ്ങള്‍ വര്‍ദ്ദിക്കുന്നതിന്‍റെ സാമൂഹികവശം

ജൂലൈ 21 ലെ  മതൃഭൂമിയില്‍  വന്ന എന്‍.പി.ഹാഫിസ്മുഹമ്മദിന്‍റെ "ബാല പീഢനത്തിന്‍റെ സ്വന്തം കേരളം"എന്ന ലേഖനം നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന ഗുരുതരമായ രോഗാവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.

കുടുംബം എന്നത് അതിന്‍റെ ഏറ്റവും ചെറിയ രൂപം മാത്രമായി ഒതുങ്ങുമ്പോള്‍ ജീവിതത്തിന്‍റെ ഓരോ കയറ്റിറക്കങ്ങളും കുട്ടികളടങ്ങുന്ന മൂന്ന്-നാല് പേര്‍ മാത്രമായി നേരിടേണ്ടി വരുന്നു. ഇത് കുടുംബങ്ങളിലുണ്ടാക്കുന്ന സംഘര്‍ഷങ്ങളും അതുവഴി കുട്ടികള്‍ നേരിടേണ്ടി വരുന്ന പീഢനങ്ങളും ലേഖനത്തില്‍ പ്രതിപാതിക്കുന്നു.  വ്യക്തികളില്‍ ധാര്‍മികത വളര്‍ത്തുന്നവരെന്ന ലേബലുള്ള ജാതി-മത സംഘടനകള്‍  രാഷ്ട്രീയത്തില്‍ ഇടപെട്ട് ഭരണത്തില്‍ കയ്യിട്ട് വാരാന്‍ തക്കം പാര്‍ത്ത് നടക്കുമ്പോള്‍ മൂല്യങ്ങള്‍ക്കും സദാചാരത്തിനും മതങ്ങളില്‍ പോലും പ്രസക്തിയില്ലാതാവുകയാണ്.ലേഖനത്തില്‍ പറയും പോലെ സ്വ- സമുദായത്തിലെ ന്യൂനപക്ഷത്തെ  പോലും  സ്വാധീനിക്കാന്‍ കഴിയാത്ത ഇവര്‍ എന്തിന് നിലനില്‍ക്കണം എന്നത് പ്രസക്തമായ ചോദ്യമാണ്.അധികാരത്തില്‍ കടിച്ച് തൂങ്ങാനും കയറിപ്പറ്റാനും തന്ത്രങ്ങള്‍ മെനയുന്നവരായി രാഷ്ട്രീയക്കാരും മാറുമ്പോള്‍ ധാര്‍മ്മികതയെ കുറിച്ച് ചീന്തിക്കാന്‍ ആര്‍ക്കുമിവിടെ സമയമില്ല.
ലേഖനത്തില്‍ മാധ്യമങ്ങളെ കുറിച്ച് ഒന്നും കണ്ടില്ല.
മാധ്യമങ്ങള്‍ സമൂഹത്തിന്‍റെ മൂല്യച്യുതിയെ ആഘോഷമാക്കി മാറ്റുമ്പോള്‍ സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നത് കൂടുതല്‍ അപകടകരമായ ചില മാതൃകകള്‍ കൂടിയാണ്.

ഇവിടെ തിരുത്തപ്പെടേണ്ട അടിസ്ഥാനപരമായ വിശയങ്ങള്‍ തിരുത്തുന്നതിന് വേണ്ടി ശബ്ദിക്കുകയാണ് വേണ്ടത്. കുറ്റക്കാരായി പിടിക്കപ്പെടുന്നവര്‍ക്ക് നേരേ ധാര്‍മ്മിക രോഷംപ്രകടിപ്പിച്ചതുകൊണ്ട് മാത്രം കാര്യമില്ല.
............................

Friday, 19 July 2013

മലയാളം ബ്ളാഗേഴ്സിലേക്ക് ഞാനും...

   അങ്ങനെ മലയാളം ബ്ളോഗേഴ്സ് ഗ്രൂപ്പില്‍ ഒരംഗമായി എന്നെയും ചേര്‍ത്തിരിക്കുന്നു. എഴുത്തും വായനയും ക്യപ്സ്യൂളായി മാറുന്ന ഇന്‍റര്‍നെറ്റ് സമൂഹത്തില്‍ ഒരു കണ്ണിമവെട്ടുന്നതിനിടയില്‍ വായിച്ചു തീര്‍ക്കാവുന്ന ടിപ്സുകളേ കാര്യമായി ചെലവാകൂ എന്നാണ് തോന്നുന്നത്.  ഇവിടെ ഒരു പരിചയവുമില്ലാത്ത ഒരുപാട്പേരുടെ മുന്നിലേക്ക് ഞാനും വരുന്നു. കടമെടുത്ത രീതികള്‍  എന്‍റെ കയ്യിലില്ല.  കടമെടുക്കാന്‍ ഈ ലോകത്തും ഒരുപാട് കാണും.
നാളെ പുതിയ രീതികള്‍  കൂടെ കൈകാര്യം ചെയ്യാന്‍ പഠിക്കണം എന്ന് പ്രതീക്ഷിച്ചുകൊണ്ട്.............

Friday, 12 July 2013

വര്‍ക്ക് ഷോപ്പ് ജീവനക്കാരന്‍റെ ദുരിതങ്ങള്‍ തുടര്‍കഥയാകുമ്പോള്‍

        കെഎസ്ആര്‍ടിസിയിലെ വര്‍ക്ക് ഷോപ്പ് ജീവനക്കാരന്‍റെ ദുരിതം വര്‍ദ്ധിപ്പിക്കുന്ന ഒരു മഴക്കാലം കൂടി വന്നിരിക്കുന്നു.ചോര്‍ന്നൊലിക്കുന്ന പഴന്ചന്‍ കെട്ടിടങ്ങള്‍, മഴ പെയ്താല്‍ ചെളിയിലും വെള്ളത്തിലും കിടന്ന് ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികളുടെ ദുരിതം ഒരു തുടര്‍കഥയായി മാറുകയാണിവിടെ.  കെഎസ്ആര്‍ടിസി യുടെ ചെറുതും വലുതുമായ ഒട്ടു മിക്ക വര്‍ക്ക് ഷോപ്പുകളുടെയും ദയനീയ ചിത്രമാണിത്.  കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തിന്‍റെ രോഗാതുരതയുടെ ഉത്ഭവസ്ഥാനമാണ് വര്‍ക്ക് ഷോപ്പുകള്‍.  ആരോഗ്യ മേഖലയിലടക്കം പല കാര്യങ്ങളിലും വികസിത രാജ്യങ്ങളോടൊപ്പം നില്‍കുമ്പോള്‍ കേരളത്തിലെ പൊതു ഗതാഗതരംഗം ചക്രശ്വാസം വലിക്കുകയും വര്‍ക്ക് ഷോപ്പുകള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ തുടരുകയുമാണ്.

      മനുഷ്യാദ്ധ്വാനം വിരല്‍തുമ്പിലേക്ക് ചുരുക്കും വിധം ശാസ്ത്ര - സാന്കേതിക വിദ്യകളുടെ വിസ്ഫോടനം നടന്നിട്ടും കെഎസ്ആര്‍ടിസിയുടെ വര്‍ക്ക് ഷോപ്പുകളില്‍ 30 ഉം 40 ഉം വര്‍ഷം പഴക്കമുള്ള തൊഴിലുപകരണങ്ങളും തൊഴില്‍ രീതീകളുമാണ് ഇന്നും ഉപയോഗിക്കുന്നത്. ബ്ളൂ കോളര്‍ ജോലിയെന്ന് വിളിക്കപ്പെടുന്ന സാംകേതിക വിദ്യയുടെ മേഖലയില്‍ വന്ന മാറ്റം വികസിത രാജ്യങ്ങളില്‍ ഇത്തരം ജോലികള്‍ക്ക് മാന്യമായ തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമ്പോള്‍ കെഎസ്ആര്‍ടിസിയിലെ തൊഴിലാളി ഇന്നും ചെളിയില്‍ കിടന്ന് ഉരുളുന്നു. ഗ്രീസും ഓയിലും, മണ്ണും ചെളിയും കോണ്ട് മുഷിഞ്ഞ യൂണിഫോമുകള്‍ ടെക്നിക്കല്‍ വിദ്യാഭ്യാസം നേടിവരന്ന വര്‍ക്ക് ഷോപ്പ് ജീവനക്കാരന് മാന്യതയുടെ പരിവേഷമല്ല നല്‍കുന്നത്. ബസ് സ്റ്റേഷനുകളില്‍ പൊതുജനത്തിന്  ഇടയില്‍ പഴന്ചന്‍ തൊഴില്‍ രീതികളുമായി വരുമ്പോള്‍ ജീവനക്കാരന് പലപ്പോഴും നല്ലതല്ലാത്ത പ്രതികരണമാണ് ലഭിക്കുന്നത്.

     വര്‍ക്ക് ഷോപ്പുകള്‍ നവീകരിക്കണം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍ ആധുനിക വല്‍ക്കരിക്കും എന്ന പ്രഖ്യപനങ്ങള്‍ പലതവണയുണ്ടായെന്കിലും അവയൊക്കെ പ്രഖ്യാപനങ്ങള്‍ മാത്രമായി മാറുകയാണുണ്ടായത്. കെഎസ്ആര്‍ടിഇഎ സമര്‍പ്പിച്ച പുനഃസംഘടനാ നിര്‍ദ്ദേശങ്ങളിലെ പ്രധാനപ്പെട്ട ഒരു നിര്‍ദ്ദേശമായിരുന്നു വര്‍ക്ക് ഷോപ്പുകളുടെ ആധുനിക വല്‍ക്കരണം . പുതിയ ബസ് ബോഡി നിര്‍മ്മാണ രംഗത്ത് ചെറിയതോതിലെന്കിലും തുടക്കം കുറിക്കാന്‍ കഴിഞ്ഞതും അതിന്‍റെ ഭാഗമായിട്ടായിരുന്നു. വര്‍ക്ക് ഷോപ്പുളുടെ ശോച്യാവസ്ഥ തുറന്നുകാട്ടികൊണ്ട് എംപ്ളോയിയില്‍ തുടര്‍ പരമ്പര തന്നെ പ്രസിദ്ധീകരിക്കുകയുമുണ്ടായി. എന്നാല്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരന്‍റെ പ്രതീക്ഷകള്‍ അസ്ഥാനത്താകുന്ന അവസ്ഥയാണിപ്പോള്‍ സ്ഥാപനത്തിലുള്ളത്. പുതിയ ബസ് ബോഡി നിര്‍മ്മാണം അനിശ്ചിതത്വത്തിലായി. സ്പെയര്‍ പാര്‍ട്സുകള്‍ ലഭ്യമല്ലാത്തത് കാരണം ഉപയോഗിക്കാന്‍ കഴിയാത്തവിധം തകരാറിലായ പാര്‍ട്സുകള്‍ ഏറെ പണിപ്പെട്ട് റീ കണ്ടീഷന്‍ ചെയ്യേണ്ടിവരുന്ന അവസ്ഥ. കെഎസ്ആര്‍ടിസിയെ ബാധിച്ച അനിശ്ചിതത്വം വര്‍ക്ക് ഷോപ്പുകളിലും പ്രതിഫലിക്കുമ്പോള്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരും അസ്വസ്ഥരാണ്.

സ്വപ്ന തുല്യമായ തൊഴിലിടങ്ങളെകുറിച്ചുള്ള കേട്ടറിവുകള്‍  പലപ്പോഴും നല്ലൊരു നാളെയെക്കുറിച്ച് സ്വപ്നം കാണാന്‍ തൊഴിലാളകളെ പ്രേരിപ്പിക്കുന്നത് തന്നെ. വൃത്തിയും വെടിപ്പുമുള്ള സുന്ദരമായ വര്‍ക്ക് ഷോപ്പുകള്‍,  മുഷിയാനോ ചുളുങ്ങാനോ യൂണിഫോമിനെ അനുവദിക്കാത്ത തൊഴില്‍ രീതികള്‍, കൈയെത്തും ദൂരത്ത് ആധുനിക ഉപകരണങ്ങള്‍,  നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കമ്പ്യൂട്ടറുകളുടെ സഹായം, പകലും രാത്രിയും ഒരുപോലെ ജോലി ചെയ്യാനുള്ള സംവിധാനങ്ങള്‍, താമസിക്കാനും വിശ്രമിക്കാനും ആവശ്യത്തിന് സൗകര്യങ്ങള്‍, പ്രാധമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ നിലവാരമുള്ള സംവിധാനങ്ങള്‍, തൊഴിലാളികളുടെ മാനസികവും ശാരീരികവുമായ അവസ്ഥ പരിഗണിച്ചുകൊണ്ട് വിനോദത്തിനടക്കം പരിഗണന നല്‍കിക്കൊണ്ടുള്ള തൊഴിലിടമായി വര്‍ക്ക് ഷോപ്പുകളെ മാറ്റിയില്ലെന്കില്‍ വികസിത രാജ്യങ്ങളോടൊപ്പം വളരുന്നു എന്ന് അവകാശപ്പെടുന്ന നമ്മുടെ നാടിന് ഇതൊരു അപമാനമായിത്തീരും!

     കെഎസ്ആര്‍ടിസി ബസുകളുടെ ആരോഗ്യ സുരക്ഷാ കേന്ദ്രങ്ങളായ വര്‍ക്ക് ഷോപ്പുകളില്‍ സമൂലമായ മാറ്റമാണ് വേണ്ടത്. ചികിത്സിക്കേണ്ട കേന്ദ്രങ്ങള്‍ തന്നെ ഗുരുതരാവസഥയില്‍ തുടര്‍ന്നാല്‍ സ്ഥാപനത്തിന് കാലത്തിന്‍റെ മാറ്റത്തിനനുസരിച്ച് ഉയരാന്‍‍ കഴിയില്ല. ആരോഗ്യകരമായ പൊതുഗതാഗത രംഗമായി കെഎസ്ആര്‍ടിസിയെ മാറ്റാന്‍ സര്‍ക്കാരും മാനേജ്മെന്‍റും തയ്യാറാവുകയും അതിനു വേണ്ടിയുള്ള തുടക്കംകുറിക്കല്‍ വര്‍ക്ക് ഷോപ്പുകളില്‍ നിന്നാവുകയും വേണം.
      --------------------------

Monday, 13 May 2013

തൊഴില്‍ മേഖലകള്‍ കയ്യടക്കപ്പെടുമ്പോള്‍‍

    തൊഴിലില്ലാഴ്മ ; കേരളം ഒരുപാട് ചര്‍ച്ച ചെയ്ത വിഷയം.എന്നാല്‍ ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളുടെ ഏറ്റവും ആകര്‍ഷണമുള്ള തൊഴില്‍ കമ്പോളമായി കേരളം മാറുന്നു. ഉയര്‍ന്ന കൂലിനിരക്ക്, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചൂഷണവും പീഢനവും കുറവ്, തെരഞ്ഞെടുക്കാന്‍ നിരവധി മേഖലകള്‍, നല്ല കാലാവസ്ഥ; തുടങ്ങി അനുകൂലമായ നിരവധിഘടകങ്ങള്‍ ഉള്ളത് കൊണ്ട് കേരളത്തിലേക്ക് ഓരോവര്‍ഷവും ഒഴുകി എത്തുന്നത്  ലക്ഷങ്ങളാണ്.

   ഒരുഭാഗത്ത് തൊഴിലില്ലഴ്മ മറുഭാഗത്ത് ജോലി ചെയ്യാന്‍ തൊഴിലാളാകളെ കിട്ടാത്ത അവസ്ഥ. സംസ്ഥാനം വര്‍ഷങ്ങളായി നേരിടുന്ന പ്രതിസന്ധിയാണ്. നിര്‍മ്മാണമേഖലയില്‍ ഉണ്ടായ വലിയ  മുന്നേറ്റമാണ് തൊഴില്‍ സാദ്ധ്യതയില്‍ വന്‍ മുന്നേറ്റമുണ്ടാക്കിയത്. അന്യസംസ്ഥാന തൊഴിലാളികളുടെ കുത്തൊഴുക്കുണ്ടായതോടെ ചെറുകിട വ്യവസായശാലകളിലും വാണിജ്യ സ്ഥാപനങ്ങളിലും അടക്കം ഇവരുടെ സാന്നിദ്ധ്യം വന്‍ തോതില്‍ വര്‍ദ്ദിച്ചു.

    അഭ്യസ്ഥവിദ്യരായ പുതുതലമുറ വൈറ്റ്കോളര്‍ ജോലിയോട് മാത്രം താല്‍പര്യം കാണിക്കുന്നത് ഈ വിഭാഗത്തില്‍ പെട്ടവരുടെ മേഖലയില്‍തൊഴിലല്ലാഴ്മയോ ഭാഗികമായ തൊഴില്ലായ്മയോ നിലനില്‍ക്കുന്നതിന് ഇടയാക്കുന്നു.  സ്വകാര്യ സ്ഥാപനങ്ങള്‍ ഈ മേഖലയില്‍
തൊഴിലെടുക്കുന്നവരെ ചൂഷണം ചെയ്യുന്നതിനും ഇത് കാരണമാകുന്നു. സ്ത്രീകള്‍ വലിയതോതല്‍ ഇത്തരം തൊഴില്‍
മേഖലയിലേക്ക് കടന്നു വരുന്നത് തൊഴിലില്ലാഴ്മ വര്‍ദ്ദിപ്പിക്കുന്നു.

  

Sunday, 12 May 2013

അതിസമ്പന്നരുടെ ദാരിദ്ര സങ്കല്‍പങ്ങള്‍

ദാരിദ്രം എന്നത് ഒരു മാനസിക അവസ്ഥയാണെന്ന് അതി സമ്പന്നതയുടെ ലോകത്ത് ജീവിക്കുന്ന ഒരള്‍ [ അയാള്‍ രാഷ്ട്രീയക്കാരനോ മറ്റാരെങ്കിലുമാവട്ടെ] പറഞ്ഞാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. കാരണം ദാരിദ്രം എന്തെന്ന് ഏറ്റവും നന്നായി അറിയാവുന്നത് അത് അനുഭവിച്ചവര്‍ക്ക് തന്നെയാണ്.  ദാരിദ്രം ഇല്ലാതാക്കണമെന്ന ലക്ഷ്യത്തോടെ ദരിദ്രരുടെ ഇടയില്‍ ജീവിക്കുകയും  അവരുടെ കഷ്ടതകളെ നേരിട്ടറിയുകയും ചെയ്യുന്ന സുമനസുകള്‍ക്കും  ദാരിദ്രത്തിന്‍റെ അവസ്ഥകളെ കുറിച്ച് ബോദ്ധ്യം കാണും.

നമ്മുടെ  രാജ്യത്തിന്‍റെ സമ്പത്തിന്‍റെ ബഹു ഭൂരിപക്ഷവും ചെറിയൊരു ന്യൂനപക്ഷം കയ്യടക്കി വെക്കുന്നു. അവര്‍ തന്നെ ഭരണത്തെയടക്കം നിയന്ത്രിക്കുന്ന ശക്തിയാവുന്നു. അതിസമ്പന്നരുടെ തൊട്ടു താഴെ  സമൂഹത്തിലെ എല്ലാ ആര്‍ഭാടങ്ങളും അനുഭവിക്കാന്‍ വരുമാനമുള്ള  ഒരു മദ്ധ്യവര്‍ഗ്ഗവും. ആകെ ജനതയുടെ ചെറിയൊരു ഭാഗം മാത്രം വരുന്ന ഈ വഭാഗം കഴിച്ചാല്‍ ഭാക്കിവരുന്ന ബഹുഭൂരിപക്ഷവും ചെറിയ തോതിലോ വലിയ തോതിലോ ദാരിദ്രം അനുഭവപ്പെടുന്നവര്‍ തന്നെ.

അതിസമ്പന്നതയില്‍ നിന്ന് കവിഞ്ഞൊഴുകുന്നത് മാത്രം സ്വീകരിച്ച് സമ്പന്നരെന്ന് സ്വയം അഭിമാനിക്കുന്ന  നമ്മള്‍ ദരിദ്രരാണെന്ന സത്യം മറന്നുപോകുന്നവരാണ്. ആ നമ്മോട് ദാരിദ്രം ഒരു മാനസികാവസ്ഥയാണെന്ന് പറഞ്ഞാലും ഒന്നും മിണ്ടരുത്.

ഓലമേഞ്ഞ വീട്ടില്‍ പാതിരാത്രിയില്‍ ഉറക്കത്തിന്‍റ മൂര്‍ധന്യത്തില്‍ പെട്ടെന്ന് പെയ്ത മഴയില്‍ മഴതുള്ളികള്‍ ചോര്‍ന്നൊലിച്ച് മുഖത്തേക്ക് വീഴുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥ . ആ മാനസികാവസ്ഥയെ കുറിച്ച് പറയണമെങ്കില്‍ ഒരിക്കെലെങ്കിലും അതൊന്ന് അനുഭവിക്കണം.
ദാരിദ്രത്തിന്‍റ പിടിയില്‍ ജീവിക്കുന്ന വലിയൊരു വിഭാഗം വരുന്ന ഇന്ത്യന്‍ ജനതയെ കുറിച്ച് , ദാരിദ്രമെന്ന പച്ചയായ യാധാര്‍ഥ്യത്തിന്‍റെ മുഖത്ത് നോക്കി ഇതൊരു മാനസികാവസ്ഥയാണെന്ന പറയുന്നവനോട് പുച്ഛമാണ് തോന്നുന്നത്.

ദാരിദ്രത്തിന്‍റെ രാഷ്ട്രീയം.

ഓല മേഞ്ഞ വീട്, കരി തേച്ച നിലം, ഇടുങ്ങിയ മുറികള്‍, ഇരുട്ടിന് കൂട്ട് മണ്ണെണ്ണ വിളക്കുകള്‍, കുട്ടിക്കാലത്തെ ദാരിദ്രത്തിന്‍റ അടയാളങ്ങള്‍ പുതു തലമുറയോട് പറഞ്ഞാല്‍ ഒരു കഥ കേള്‍ക്കുന്ന ലാഘവത്തോടെ അവര്‍ കേട്ടിരുന്നേക്കും. നമ്മുടെ മുന്‍ തലമുറ അനുഭവിച്ച  സംകല്‍പ്പിക്കാന്‍ കഴിയാത്ത കൊടും ദാരിദ്രത്തെ കുറിച്ച് കഥകള്‍ ഒരുപാട് കേട്ടിരുന്നല്ലോ നമ്മളും. ചെറ്റക്കുടിലില്‍ പട്ടിണി തിന്ന് ജീവിച്ചവര്‍, നേരം പുലരും മുമ്പേ മൈലുകള്‍   നടന്ന് കൃഷിപ്പണിക്ക്  പോയവര്‍‍ വീട്ടിലെത്തുന്നത് അന്തിചൂട്ടിന്‍റെ വെട്ടത്തില്‍, അരികിട്ടാനില്ലാത്തത് കൊണ്ട് കപ്പയും കിഴങ്ങും മറ്റും തിന്ന് ജീവിച്ച കാലം, മണ്ണെണ്ണ കിട്ടാത്തതിനാല്‍  വിറകു കൂട്ടി കത്തിച്ചു വെളിച്ചം ഉണ്ടാക്കിയവര്‍.

ദുരിതങ്ങളുടെ പെരുമഴക്കാലം തീരും മുമ്പേ ജനിച്ചവരെന്കിലും മുന്‍ തലമുറക്കാര്‍ ഭാഗ്യം ചെയ്തവരെന്ന് നമ്മെ വിളിച്ചു. എന്നാല്‍ നാം അനുഭവിച്ച ദാരിദ്രം വെച്ച് നോക്കുമ്പോള്‍ പുതു തലമുറ എത്ര ഭാഗ്യവാന്‍മാര്‍, എന്ന് ചോദിച്ചുപോകുമെന്കിലും സത്യം മറ്റൊന്നല്ലേ. അതി സമ്പന്നതയുടെ ലോകത്ത് നമ്മുടെ കുട്ടികളും ദരിദ്രരല്ലെ.

Saturday, 13 April 2013

KSRTC നഷ്ടക്കണക്കുകളുടെ പിന്നാമ്പുറം

KSRTC യുടെ നഷ്ടം പെരുപ്പിച്ചുകാണിക്കുന്നവര്‍ കാണാതെ പോകുന്നത്.

KSRTEA - CITU വര്‍ക്കിം പ്രസിഡണ്ട് സഃ കെ.കെ. ദിവാകരന്‍റെ ലേഖനത്തില്‍ നിന്ന്...           
      ''.....ഏതൊരു സ്ഥാപനവും പ്രവര്‍ത്തിക്കണമെന്‍കില്‍ മൂലധനമാണ് ആദ്യമുണ്ടാകേണ്ടത്. KSRTC രൂപീകൃതമാകുമ്പോള്‍ഗതാഗത വകുപ്പിന്‍റെ നിയന്ദ്രണത്തിലുണ്ടായിരുന്ന ബസ്സുകളും ബസ് സ്റ്റേഷനുകളും കോര്‍പ്പറേഷന് കൈമാറി . അതായിരുന്നു ആദ്യത്തെ മൂലധനം. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ 1:2 എന്ന അനുപാതത്തിലായണ് RTC കള്‍ക്ക് മൂലധനം മുടക്കേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ ആകെ നല്‍കിയത് 23.21 കോടി രുപ മാത്രമാണ്. കേരള സര്‍ക്കാരാകട്ടെ ആകെ നല്‍കിയത് 563.89 കോടി രൂപയാണ്. ഇത് യഥാര്‍ഥത്തില്‍ മൂലധനമായി നല്‍കിയതല്ല. പലപ്പോഴായി കടമായി നല്‍കിയ തുക സര്‍ക്കാറിന്‍റെ മൂലധന വിഹിതമാക്കി മാറ്റുകയായിരുന്നു.അതോടൊപ്പം വാഹന നകുതിയിനത്തില്‍ KSRTC സര്‍ക്കാറിന് നല്‍കാനുള്ള തുകയും മൂലധന വിഹിതമാക്കിമാറ്റി. 1965 മുതല്‍ KSRTC യുടെ കൈവശമുണ്ടായിരുന്ന വാഹനങ്ങളുടെ നികുതിയാണ് കണക്കാക്കിയത്. പൊളിച്ചുമാറ്റിയ വാഹനങ്ങളൊന്നും വാഹന വ്യൂഹത്തില്‍ നിന്നും കുറച്ചില്ല. KSRTC ക്ക് 4000 ബസ്സുകള്‍ ഉണ്ടായിരുന്നപ്പോള്‍ 12000 ബസ്സുകളുടെ നികുതിയാണ് കണക്കാക്കിയത്. യഥാര്‍ഥത്തില്‍ നല്‍കേണ്ട തുകയേക്കാള്‍ പതിന്‍മടങ്ങ് വരുന്ന ഈ തുകയും മൂലധനത്തില്‍പെടുത്തിയപ്പോഴാണ് ഒരു ഭാഗം കേരള സര്‍ക്കാറിന്‍റെ വിഹിതമായത്. മൂലധന വിഹിതത്തിന്‍റെ അനേക മടങ്ങാണ് സ്ഥാപനത്തിന്‍റെ ആസ്ഥി എന്നത് അഭിമാനകരമാണ്. എന്നാല്‍ സ്ഥാപനത്തിന്‍റെ വിമര്‍ശകര്‍ ഈ സത്യം കാണാന്‍ തയ്യാറാകുന്നില്ല..''

     KSRTC യുടെ നഷ്ടത്തിന്‍റെ കണക്ക് നിരത്തി സ്ഥാപനം കടുത്ത പ്രതിസന്ധിയിലാണെന്ന പത്രങ്ങളും ചാനലുകളും വിധി കല്‍പ്പിക്കുമ്പോള്‍ ഒന്നുമില്ലായ്മയില്‍ നിന്ന് വളര്‍ന്നത്കൂടെ ഓര്‍ക്കണം. ഒപ്പം നഷ്ടക്കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുന്നതാണെന്നും.