Followers

Monday, 19 March 2018

വത്തക്ക ചൂഴ്ന്ന് നോക്കുമ്പോള്‍

       

         കുട്ടികളെ, കൗമാരക്കാരെ, യുവതീ - യുവാക്കളെ, സ്ത്രീ - പുരുഷന്‍മാരെ തുടങ്ങി പ്രായമായവരെ വരെ തരം തിരിച്ച് തന്‍റെ യുക്തിക്കനുസരിച്ച് അവരിലെ കുറ്റങ്ങളെയും കുറവുകളെയും   കുറ്റപ്പെടുത്തലിന്‍റെയും പരിഹാസത്തിന്‍റേയും അശ്ലീലത്തിന്‍റേയും ഭാഷയില്‍ ഉന്‍മാദത്തോടെ അവതരിപ്പിക്കുന്ന രീതികളോട്  പണ്ട് മുതലേ പുച്ഛമാണ്. എന്‍റെ അഭിപ്രായം പരസ്യമായി ഏറ്റവും അടുത്തവരോട് പറഞ്ഞാല്‍ പൗരോഹിത്യത്തെ കുറ്റം പറയുന്നത് മഹാ അപരാധമാണെന്ന പ്രതികരണവും കിട്ടിയിട്ടുണ്ട്. പൗരോഹിത്യമെന്നാല്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത വിഭാഗമാണെന്ന കാലങ്ങളായുള്ള ധാരണയുടെ പിന്‍ബലത്തില്‍ ഒരു വിഭാഗം  തങ്ങളുടെ ആസനങ്ങളില്‍ മുളച്ചു പൊന്തിയ ആലിന്‍ ചുവട്ടിലെ തണലില്‍ ഇരിക്കുമ്പോള്‍ തങ്ങള്‍ തുടരുന്ന രീതികള്‍ പൊതുസമൂഹം അംഗീകരിക്കാത്തതാണെന്ന് ബോധ്യപ്പെടാന്‍  ചില സാഹചര്യങ്ങള്‍ക്ക് കഴിയുന്നുവെങ്കില്‍ അത്രയും നല്ലത്.

തന്‍റെ മുന്നിലെ സദസ്സിലിരിക്കുന്നവരെ  നെഗറ്റീവായിട്ട് കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിക്കുന്നതിന് പകരം നല്ല ഭാഷയില്‍ അഥവാ പോസിറ്റീവായി കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുമ്പോള്‍ അതുണ്ടാക്കുന്ന ഫലം വലുത് തന്നെയായിരിക്കും. അത്തരത്തില്‍ സംസാരിക്കുന്നവരും കുറച്ചെങ്കിലും ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. പോസിറ്റീവായി ഉപദേശത്തിന്‍റെ രീതി ഉപയോഗിക്കുമ്പോള്‍ സദസിന്‍റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയണമെങ്കില്‍ ആകര്‍ഷകമായ സംസാരമുള്ളവരും , അറിവിന്‍റെ നിറകുടവും ആവേണ്ടതുണ്ട്. എന്നാല്‍ കുറ്റപ്പെടുത്തലിന്‍റേയും പരിഹാസത്തിന്‍റേയും അശ്ലീലത്തിന്‍റേയും രീതി സ്വീകരിക്കുമ്പോള്‍ നെറ്റി ചുളിച്ചാണെങ്കിലും സദസ്സിന്‍റെ ശ്രദ്ധ പെട്ടെന്ന്  കേന്ദ്രീകരിക്കാന്‍ കഴിയും എന്നതു കൊണ്ടാവും പലരും വൈകാരികതയുടെ ആ രീതി ഉപയോഗിക്കുന്നത്.  പ്രഭാഷണ രീതികള്‍ പലപ്പോഴും മാതൃകയാക്കപ്പെടുകയാണിവിടെ. ദൈനംദിന ജീവിതത്തിന്‍റെ വിഷയങ്ങളെ സ്വന്തം യുക്തിക്കനുസരിച്ച് വിലയിരുത്താന്‍ അറിവ് ഒരു ഘടകമല്ല എന്നതുകൊണ്ട് വാളെടുത്തവര്‍ക്കൊക്കെ വെളിച്ചപ്പാടാകാം.

മറ്റുള്ളവരെ ഉപദേശിക്കുകയും അറിവ് പകര്‍ന്ന് നല്‍കുകയും ചെയ്യുന്നവരുടെ അടിസ്ഥാന യോഗ്യത ആരും അന്വേഷിക്കുന്നില്ല. ശബ്ദം കൊണ്ടോ ശൈലി കൊണ്ടോ ആണ് പലരും ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കുന്നത്. ആള്‍ കൂട്ടത്തിന്‍റെ വലുപ്പത്തിനനുസരിച്ച് മണിക്കൂറിന് ആയിരങ്ങള്‍ ഫിക്സഡ് റേറ്റുള്ള , താര പരിവേഷമുള്ള പ്രഭാഷകര്‍ ആത്മീയതയുടെ വഴിയേ പൗരോഹിത്യത്തിന്‍റെ കുപ്പായമണിഞ്ഞ് പോകുന്ന വലിയൊരു വിഭാഗത്തെ മോഹിപ്പിക്കുന്നുണ്ട്.

വസ്ത്ര ധാരണത്തെ കുറ്റം പറയുന്നവര്‍ ഏതാണ് അനുയോജ്യമായ വസ്ത്രം എന്ന് പറയില്ല. പര്‍ദ്ദ ധരിക്കാന്‍ പറയുന്നവര്‍ തന്നെ ഇപ്പോള്‍  പര്‍ദ്ദക്കടിയിലെ ലെഗിന്‍സിന് കുറ്റം കണ്ടെത്തുന്നു. മറ്റുള്ളവരെ ഉപദേശിക്കാനും കുറ്റപ്പെടുത്താനും വേണ്ടി അടിവസ്ത്രത്തില്‍ വരെ എത്തിനോക്കുന്നവരെ മതത്തിന്‍റെ പേരില്‍ ന്യായീകരിക്കുന്നത് അവര്‍ അംഗങ്ങളായ ''ലിമിറ്റഡ് കമ്പനി'' യുടെ വാക്താവ് എന്ന നിലക്കാണ്.  മതത്തിലെ മൃദു വാദികള്‍ മുതല്‍ തീവ്രവാദികള്‍ വരെ തങ്ങളാണ് യഥാര്‍ത്ഥ വിശ്വാസികളെന്ന് വാദിച്ച് പരസ്പരം പോരടിക്കുമ്പോള്‍ മതത്തേക്കാള്‍ ഇത്തരക്കാര്‍ക്ക് കൂറ് തങ്ങളുടെ ഗ്രൂപ്പിനോടാണ്.

തന്‍റെ സമുദായം നിരവധി വിഭാഗങ്ങളായി തിരിയുമെന്നും അതില്‍ ഒരു വിഭാഗം മാത്രമേ സ്വര്‍ഗ്ഗത്തിലെത്തുകയുള്ളൂ എന്നുമുള്ള  പ്രവാചക വചനങ്ങളൊന്നും ഇവിടെ ആരെയും ഇരുത്തി ചിന്തിപ്പിക്കുന്നില്ല. എന്തായാലും അതൊരു റജിഷ്ട്രേഡ് സംഘടന ആവുമെന്ന് ഞാന്‍ വിശ്വസിക്കുന്നുമില്ല.

(ഈ പോസ്റ്റ് വിമര്‍ശനാത്മകം അണ് അഥവാ ശൈലി നെഗറ്റീവാകാം )

No comments:

Post a Comment